pinarayi-vijayan

തിരുവനന്തപുരം: എൻഡോസാൾഫാൻ ദുരിത ബാധിതരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം നടത്തുന്ന ദയാബായിയോട് സർക്കാരിന് അനുഭാവപൂർണമായ സമീപനമാണെന്നും അവർ സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദയാബായിക്ക് സർക്കാർ നൽകിയത് ആവശ്യങ്ങൾ പരിഗണിക്കാമെന്ന വാക്കല്ല, വ്യക്തമായ ഉറപ്പുകൾ രേഖാമൂലം നൽകിയതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ചർച്ചയുടെ മിനിട്ട്സ് വായിച്ചു. നാല് കാര്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. മൂന്നും സർക്കാർ സമ്മതിച്ചു. എയിംസുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ് സമ്മതിക്കാതിരുന്നത്. അത് സർക്കാരിന്റെ പരിധിക്ക് പുറത്താണ്. കോഴിക്കോടുമായി ബന്ധപ്പെട്ട് നാം അത് കണ്ടതാണ്.എൻഡോസാൾഫാൻ ബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ്, ആശുപത്രികളിൽ ദുരിത ബാധിതർക്ക് മുൻഗണന തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഉറപ്പാണ് നൽകിയത്. തദ്ദേശസ്ഥാപനങ്ങളിൽ സംവിധാനമൊരുക്കുന്നത് മാത്രമാണ് പരിഗണിക്കാമെന്ന് പറഞ്ഞത്. ദയാബായിയുടെ താൽപര്യത്തെ കുറിച്ച് മോശമായി ഒന്നും പറയുന്നില്ല. എന്നാൽ അവരുടെ കൂടെ നിൽക്കുന്നവർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സമരത്തിൽ നിന്ന് പിൻതിരിപ്പിക്കണം. അവരുടെ സമരത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് രണ്ടുമന്ത്രിമാരെ ചർച്ചയ്ക്ക് നിയോഗിച്ചത്.

വിഴിഞ്ഞം സമരം ന്യായമല്ല

വിഴിഞ്ഞം തുറുമുഖവുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരം സ്തംഭിപ്പിച്ച് ചിലർ നടത്തിയ സമരം ന്യായമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സമരക്കാരുമായി സർക്കാർ ചർച്ച നടത്തിയപ്പോഴെല്ലാം ഒത്തുതീർപ്പെന്ന നിലയിൽ കാണിച്ചിട്ട് പുറത്തിറങ്ങി സമരം നടത്തുന്നത് ശരിയല്ല. അവരുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും അംഗീകരിച്ചു.വിഴിഞ്ഞം തുറമുഖം പൂട്ടണമെന്ന ഏഴാമത്തെ കാര്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

എൽദോസ് കുന്നപ്പള്ളിക്കെതിരായ കേസ് ഗൗരവമുള്ളത്

കോൺഗ്രസ് എം.എൽ.എ. എൽദോസ് കുന്നപ്പള്ളിക്കെതിരായ കേസ് ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവതി നൽകിയ പരാതി നിയമപരമായാണ് കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിനെതിരായ മറ്റ് നടപടികളിൽ ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളാണ് നിലപാടെടുക്കേണ്ടതും തീരുമാനിക്കേണ്ടതും.