1

മാള: പഴൂക്കരയിൽ കഞ്ചാവ് കടത്തിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. അപകട ശേഷം തൊട്ടടുത്ത പറമ്പിൽ ഒളിപ്പിക്കാൻ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാർ പിടികൂടി. കുഴൂർ സ്വദേശിയായ ചെറുപിള്ളി വീട്ടിൽ യദുകൃഷ്ണൻ (24), സിത്താര നഗർ കളപ്പട്ടിൽ വീട്ടിൽ വിനിൽ (24) എന്നിവരാണ് പിടിയിലായത്.

മാള സ്വദേശി രഞ്ജിത് മകളെ ബസ് കയറ്റി വിടാൻ സ്റ്റോപ്പിൽ എത്തിയപ്പോഴായിരുന്നു എതിർദിശയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു വീഴ്ത്തിയത്. കുറച്ചുദൂരം സ്‌കൂട്ടർ സഹിതം രഞ്ജിത്തിനെ കാർ മുന്നോട്ടു കൊണ്ടുപോയി. നിസാര പരിക്കുകളോടെ രഞ്ജിത്ത് രക്ഷപ്പെട്ടു. അപകടം നടന്നയുടൻ വെപ്രാളത്തിലായ കാർ യാത്രക്കാർ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനു പകരം കാറിന്റെ പിറകിലുണ്ടായിരുന്ന പായ്ക്കറ്റ് ഒളിപ്പിക്കാനായിരുന്നു ശ്രമിച്ചത്.

ഇക്കാര്യം ശ്രദ്ധിച്ച നാട്ടുകാർ ഇരുവരെയും പിടികൂടുകയായിരുന്നു. തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ കഞ്ചാവും എക്‌സൈസ് കണ്ടെടുത്തു. യദൃകൃഷ്ണൻ നേരത്തെ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.