cpi

വിജയവാഡ (ആന്ധ്ര): ആർ.എസ്.എസ്- ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടത്, മതേതര, ജനാധിപത്യ കക്ഷികളുടെ വിശാലഐക്യത്തിനായി ആഹ്വാനം ചെയ്താണ് സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസ് സമാപിച്ചത്. കരട് രാഷ്ട്രീയപ്രമേയത്തിൽ ഊന്നിയ നിലപാടിൽ കാര്യമായ മാറ്റങ്ങളില്ലാതെ പാർട്ടി കോൺഗ്രസ് രാഷ്ട്രീയനിലപാട് അംഗീകരിച്ചു. കൊല്ലത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് പാർട്ടിയെ പേരെടുത്ത് പറഞ്ഞുതന്നെ അവരുമുൾപ്പെടുന്ന വിശാലസഖ്യത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ ഇന്നിപ്പോൾ അതിൽ നിന്ന് മാറിനീങ്ങുന്നുവെന്ന പ്രതീതിയുണർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിന് തിരശ്ശീല വീണത്.

എന്നാൽ, പാർട്ടി കോൺഗ്രസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിനിധി ചർച്ചയിൽ പലരും കോൺഗ്രസില്ലാതെയുള്ള വിശാല മതേതര സഖ്യത്തിന്റെ സാധുതയെപ്പറ്റി സംശയമുയർത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. കേരളത്തിൽ നിന്ന് സംസാരിച്ച രാജാജി മാത്യു തോമസ് അടക്കമുള്ളവർ പാൻ ഇന്ത്യൻ സ്വഭാവത്തിലുള്ള കോൺഗ്രസില്ലാതെ ഒരു മതേതരസഖ്യമെങ്ങനെ ഉറപ്പോടെ യാഥാർത്ഥ്യമാകുമെന്ന് ചോദിച്ചു.

എന്നാൽ, കോൺഗ്രസിനെ പാടേ തള്ളിപ്പറയുകയല്ല ചെയ്യുന്നതെന്ന് നേതൃത്വം മറുപടിയിൽ വിശദീകരിച്ചു. വിശാല സഖ്യത്തിൽ കോൺഗ്രസും ഭാഗമാകാം. എന്നാൽ, കോൺഗ്രസിന് സവിശേഷപരിഗണന നൽകി പേരെടുത്ത് പറയേണ്ടതില്ല. കാരണം കോൺഗ്രസിന് നയങ്ങളിലും സമീപനങ്ങളിലും വിശ്വാസ്യത നിലനിറുത്താനാകുന്നില്ല. രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥയിൽ കോൺഗ്രസിന് മാത്രമായി പ്രത്യേക പരിഗണനയില്ലെന്ന് സി.പി.ഐ കാണുന്നു.

വിശാല, മതേതര ഐക്യവേദിക്കുള്ള സി.പി.ഐയുടെ ആഹ്വാനം സി.പി.എം ലൈനിനോട് ചേർന്ന് പോകുന്നതായാണ് പ്രത്യക്ഷത്തിൽ വിലയിരുത്തപ്പെടുന്നത്. ദേശീയതലത്തിൽ സി.പി.എമ്മും സി.പി.ഐയും എക്കാലത്തെയും വലിയ ഇഴയടുപ്പത്തോടെ സഞ്ചരിക്കുന്ന കാലത്ത് ഇത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഒരേയൊരു തുരുത്തായ കേരളത്തിലെ ഇടതുഭരണം പോറലേൽക്കാതെ നീങ്ങാൻ ഇരുപാർട്ടികളും കരുതലോടെ വർത്തിക്കുന്നുവെന്നതും കാണണം. പരസ്പരവിമർശനത്തിന്റെ കാലം കഴിഞ്ഞെന്ന് സി.പി.ഐ കേരളനേതൃത്വവും ചിന്തിക്കുന്നു.

സി.പി.ഐയെ ശതാബ്ദി വേളയിൽ കൂടുതൽ കരുത്തുറ്റതാക്കാനുള്ള പ്രഖ്യാപനവും നടത്തിയാണ് പാർട്ടി കോൺഗ്രസ് പിരിയുന്നത്. ബഹുജനസമരങ്ങൾ വളർത്തി പാർട്ടിയടിത്തറ ശക്തമാക്കണം. ആർ.എസ്.എസിനെതിരായ ആശയപരമായ പോരാട്ടത്തിന് ഇടതുപക്ഷത്തിനേ കഴിയൂവെന്ന തിരിച്ചറിവിലാണ് ഇടത് ഐക്യം ശക്തിപ്പെടുത്തണമെന്നതിന് ഊന്നൽ നൽകാൻ സി.പി.ഐ നിർദ്ദേശിക്കുന്നത്.