തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ജില്ലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന വഴിതടയലിൽ ജനം വലഞ്ഞത് പൊലീസിന്റെ അനാസ്ഥ കാരണമെന്ന് ആക്ഷേപം. നഗരത്തിൽ തിരുവല്ലം, ​ചാക്ക,​ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലും ആറ്റിങ്ങലിലുമാണ് പൊലീസിനെ നോക്കുകുത്തിയാക്കി മണിക്കൂറുകൾ നീണ്ട റോഡ് ഉപരോധം അരങ്ങേറിയത്.

അതിരാവിലെ ആരംഭിച്ച ഉപരോധം വിദേശത്തേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവരെയും അത്യാസന്ന നിലയിലുള്ള രോഗികളെയും പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെയും വലച്ചു. ഉപരോധസമരം കണക്കിലെടുത്ത് ആവശ്യമായ സമാന്തര റൂട്ടുകൾ സജ്ജമാക്കാത്തതാണ് പൊലീസിന് പേരുദോഷത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനവും റോഡ് ഉപരോധത്തിൽ തടസപ്പെട്ടു.

ആണിതറച്ച വടികളും മറ്റുമായി സമരത്തിനെത്തിയവർക്ക് മുന്നിൽ പൊലീസിന് കൈയുംകെട്ടി നോക്കി നിൽക്കേണ്ടിവന്നത് ഭരണതലത്തിൽ നിന്നുള്ള ഇടപെടലിനെ തുടർന്നാണെന്നാണ് സൂചന. സമരം തീർപ്പാക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റോ ബലപ്രയോഗമോ ഉണ്ടാകുന്നത് ഉചിതമല്ലെന്ന് കരുതിയാണ് കടുത്ത നടപടികൾക്ക് ഉന്നതങ്ങളിൽ നിന്ന് പൊലീസിന് നി‌ർദേശമുണ്ടാകാതിരുന്നത്. എന്നാൽ സമരത്തിനും ജനത്തെ ദുരിതത്തിലാക്കിയ നടപടിക്കുമെതിരെ പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്

കളക്ടറുടെ നിരോധനം ലംഘിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതം തടഞ്ഞതിനും കലാപശ്രമമുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സമരസമിതി നേതാക്കൾക്കും കണ്ടാലറിയാവുന്ന ആയിരത്തോളം പ്രതിഷേധക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. തിരുവല്ലം,​പേട്ട,​ആറ്റിങ്ങൽ,​കന്റോൺമെന്റ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല.