pinarayi

തിരുവനന്തപുരം:ആക്ഷേപിച്ചാൽ മന്ത്രിമാരുടെ പണി തെറിപ്പിക്കുമെന്ന ഗവർണറുടെ താക്കീത് സാധുവല്ലെന്നും, കേരള സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത്തരം നടപടികളിലൂടെ സമൂഹത്തിന് മുന്നിൽ നമ്മളാരും പരിഹാസ്യരാകരുതെന്ന് മാത്രമാണ് പറയാനുള്ളതെന്നും, സർക്കാരുമായി പോരിനിറങ്ങിയ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുള്ള മറുപടിയായി,മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ

ഓർമ്മിപ്പിച്ചു.

നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും, ആ വഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത്

സാധുവാകില്ല.ഡോ. അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണ് എന്നാണ്. ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ, മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തക്കേണ്ടതെന്ന് സുപ്രിംകോടതി എടുത്തു പറഞ്ഞിട്ടുണ്ട്.

ആരും ആരെയും വിമർശിക്കാൻ പാടില്ലെന്ന നില സ്വീകരിക്കുന്നത് സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണെന്നും, തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. കോടതി വിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുകയെന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം. ഇതൊന്നുമല്ല നമ്മുടെ

ഭരണഘടനയെന്ന് പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധമാണ്..കാര്യങ്ങൾ നല്ല നിലയിൽ പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതനുസരിച്ച് കാര്യങ്ങൾ മനസിലാക്കാനും ,സ്വയം തിരുത്താനും എല്ലാവരും തയ്യാറാകണമെന്നാണ് പ്രതീക്ഷിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

കേരള സർവ്വകലാശാലയിലെ പ്രശ്നങ്ങൾ ചാൻസലറെന്ന നിലയിൽ ഗവർണർ മനസിലാക്കേണ്ടതാണ്. യൂണിവേഴ്സിറ്റികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും, നിലനിൽപിനും അനുകൂലമായ കാര്യങ്ങളാണ് ചാൻസലർ സ്വീകരിക്കേണ്ടത്.എന്നാൽ ഇപ്പോൾ അദ്ദേഹം എടുത്ത നടപടികൾ നിയമപരമായി നിലനിൽക്കുന്നതല്ല.എക്സ് ഒഫീഷ്യോ അംഗങ്ങളെയടക്കം പിൻവലിച്ചു. അതിനുള്ള അധികാരം ഒരു

തരത്തിലും ചാൻസലർക്കില്ല. നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് തിരിച്ചുവിളിച്ചതെന്ന ന്യായം പറഞ്ഞാൽ, അതിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ട സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.