1

വിഴിഞ്ഞം: ജീവിതം തിരികെ പിടിക്കാൻ സഞ്ചാരികളുടെ വരവും കാത്ത് രാജസ്ഥാൻ കലാകാരൻ. രാജസ്ഥാനിൽ നിന്നുള്ള കലാകാരനായ സോഹൻലാലാണ് തുണിയിലും പേപ്പറിലും വ്യത്യസ്തമായ ചിത്രങ്ങൾ വരച്ച് സന്ദർശകരെ കാത്തിരിക്കുന്നത്.

കോവളം ലൈറ്റ് ഹൗസ് റോഡിൽ സരസ്വതി ആർട്സ് സെന്ററിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സിൽക്ക്, കോട്ടൺ, വെൽവെറ്റ് തുണികൾ, പേപ്പറുകൾ എന്നിവയിൽ അക്രിലിക്, ജലച്ചായം എന്നിവ ഉപയോഗിച്ചാണ് ചിത്രരചന. രാജസ്ഥാൻ പ്രകൃതി ദൃശ്യങ്ങളും, ദേവീദേവൻമാരുടെ ചിത്രങ്ങളുമാണ് കൂടുതലും വരയ്ക്കുന്നത്.

തുണിയിൽ ആദ്യം രേഖാചിത്രം വരച്ചശേഷം ചെറിയ ബ്രഷുകൾ ഉപയോഗിച്ച് അതിസൂക്ഷ്മമായാണ് ചിത്രങ്ങൾക്ക് നിറം കൊടുക്കുന്നത്. തുണിയിൽ ഇത്തരം ചിത്രം വരയ്ക്കുന്നത് ഈ പ്രദേശത്ത് ആദ്യമായാണെന്ന് സോഹൻലാൽ പറയുന്നു. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ വിലയുള്ള ചിത്രങ്ങൾ ശേഖരത്തിലുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് കൈകൊണ്ട് ഉണ്ടാക്കിയതെന്ന് കരുതുന്ന പേപ്പറിൽ രചിച്ച ചില ചിത്രങ്ങളും ഒപ്പമുണ്ട്. പാരമ്പര്യമായി ലഭിച്ച കഴിവും ചിത്രകലാശാലയിൽ നിന്നുള്ള പരിചയവും കഴിവിനെ പരിപോഷിപ്പിച്ചു. കൊവിഡിന് ശേഷം ടൂറിസം മേഖലകളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ തന്റെ ചിത്രങ്ങൾ വിറ്രുപോകുമെന്ന പ്രതീക്ഷയിലാണ് സോഹൻലാൽ.