pinarayi-vijayan

തിരുവനന്തപുരം: വിദേശത്തേക്ക് മന്ത്രിമാരുമായി പോകുമ്പോൾ ആശങ്ക കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള സ്ഥലം, വികസനവിരുദ്ധർ എന്ന കുപ്രചരണം ഒക്കെയായിരുന്നിവെന്നും എന്നാൽ വിദേശത്ത് കേരളത്തിന് നല്ലപേരാണെന്ന് യൂറോപ്യൻപര്യടനത്തിൽ മനസിലായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു.

മീൻപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന നോർവേയിലെ വികസനം വിസ്മയിപ്പിക്കുന്നതാണ്. അവരുണ്ടാക്കിയ അത്തരം കപ്പൽ നേരിൽ കണ്ടു.മീനുള്ള സ്ഥലങ്ങൾ എ.ഐ.സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തി, അവിടെ ചെന്ന് മീൻപിടിക്കുന്ന സംവിധാനം കൊള്ളാം. നോർവെയിൽ കണ്ട മറ്റൊരു അത്ഭുതം അവിടെ കുപ്പിവെള്ളം ഉപയോഗിക്കുന്നില്ലെന്നതാണ്. ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല . ഏത് ജലാശയത്തിൽ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താൽ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോർവ്വേ മാതൃക അനുകരിക്കാമെന്നാണ് തോന്നിയത്.

കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളും കൊച്ചിയുടെ നഗരവൽക്കരണം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ആധികാരികമായ പഠനം നടത്തിയിട്ടുണ്ടെന്നതാണ് മുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച മറ്റൊന്ന്. അവരുടെ കണ്ടെത്തലുകൾ അവർ പ്രതിനിധി സംഘത്തിനു മുമ്പിൽ അവതരിപ്പിച്ചു.

കൊച്ചി നേരിടുന്ന ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗത പ്രശ്നങ്ങൾ, ജൈവ വൈവിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം പഠനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച തുടർ ചർച്ചകൾ ജനുവരിയിൽ കേരളത്തിൽ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാർഡിഫ് സർവ്വകലാശാല വകുപ്പുകളും സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന് യൂണിവേഴ്സിറ്റി താൽപര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കാറൽമാർക്സിന്റെ ശവകുടീരവും മാർക്സിന്റെ പേരിലുള്ള ലൈബ്രറിയുംകാണാനായതാണ് വിദേശസഞ്ചാരത്തിലെ അവിസ്മരണീയമായ മറ്റൊരുഅനുഭവം. ലെനിൻ സ്മരണകൂടി നിറഞ്ഞുനിന്ന സ്ഥലങ്ങളാണവ. 1933ൽ ജർമ്മൻ നാസിപ്പട കത്തിച്ചുകളഞ്ഞതാണ് മാർക്സ് ലൈബ്രറി. അവിടെയാണ് ഇപ്പോൾ മാർക്സിന്റെ പുസ്തകങ്ങളുടെ ലൈബ്രറി പുനർനിർമ്മിച്ചത്. ഫാസിസത്തിനെതിരായ ചെറുത്തുനിൽപിന്റെ സ്മാരകം കൂടിയാണത്. മുഖ്യമന്ത്രി പറഞ്ഞു.