
തിരുവനന്തപുരം:മന്ത്രിമാരും ഉദ്യോഗസ്ഥരുമൊത്ത് നടത്തിയ യൂറോപ്യൻപര്യടനം പ്രതീക്ഷിച്ചതിനെക്കാൾ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബ്രിട്ടനിലെ സ്ഥാപനങ്ങളുമായി ആരോഗ്യപ്രവർത്തകർക്ക് കുടിയേറ്റം സാധ്യമാക്കുന്ന കരാറുണ്ടാക്കി. കൊവിഡിനും ബ്രെക്സിറ്റിനും ശേഷമുള്ള യൂറോപ്യൻ സാഹചര്യം ജോലിസാധ്യതയ്ക്കായി വിനിയോഗിക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിച്ചു. കൊച്ചിയിൽ അടുത്തമാസം യു.കെ. എംപ്ളോയ്മെന്റ് ഫെസ്റ്റ് ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ നിക്ഷേപസംഗമവും നടത്തും. ഫിൻലാൻഡിൽ മലയാളികൾക്കുള്ള ജോലിസാധ്യത പഠിക്കാൻ സംഘത്തെ അയയ്‌ക്കും. വിദേശപര്യടനത്തിന്റെ തുടർ നടപടികളും സ്വീകരിക്കും.
കേരളത്തിന് നേട്ടമുണ്ടാക്കാനുള്ള ഔദ്യോഗികയാത്ര ഉല്ലാസയാത്രയും ധൂർത്തുമാണെന്ന് വരുത്താനാണ് ചിലർ ശ്രമിച്ചത്. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങൾ മാധ്യമങ്ങൾ പോലും കാണുന്നില്ല. മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്ന ചിത്രമല്ല സർക്കാരിനെയും കേരളത്തെയും കുറിച്ച് പുറത്തുള്ളത്. കുടുംബാംഗങ്ങളെ കൊണ്ടുപോയതിനെ കുറിച്ചുള്ള വിമർശനങ്ങൾ തള്ളിയ മുഖ്യമന്ത്രി അതിൽ അനൗചിത്യമില്ലെന്നും പറഞ്ഞു. പ്രതിപക്ഷം കാര്യങ്ങൾ ശരിയായി മനസിലാക്കുന്നില്ല. മാധ്യമങ്ങളും മറ്റുള്ളവരും ആനിലയിലേക്ക് താഴരുത്.
സംസ്ഥാനത്തിന്റെ പുരോഗതിക്ക് ലക്ഷ്യമിട്ടാണ് യാത്ര പ്ലാൻ ചെയ്തത്. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ കിട്ടി.
പഠനഗവേഷണ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടായത്. നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.
മൂന്ന് വർഷത്തിനുള്ളിൽ യു.കെ.യിൽ 3000 ഒഴിവുകളും ഫിൻലാൻഡിൽ 10,000 ഒഴിവുകളുമാണ് ആരോഗ്യമേഖലയിലുണ്ടാകുക. ഇത് വിനിയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ നഴ്സുമാരും ആരോഗ്യപ്രവർത്തകരും വിദേശത്തേക്ക് പോകുമ്പോൾ ഇവിടെ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്. അത് പരിഹരിക്കാൻ കൂടുതൽ വിദ്യാഭ്യാസ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.