കാട്ടാക്കട: കോട്ടൂർ അഗസ്ത്യവന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.കുറ്റിച്ചൽ പഞ്ചായത്തിലെ പട്ടാണിപ്പാറ ആദിവാസി സെറ്റിൽമെന്റിൽ ഇന്നലെയാണ് ആദിവാസികൾ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചെരിഞ്ഞ ആനയ്ക്ക് അടുത്ത് കുട്ടിയാനയും നിൽക്കുന്നതായി ആദിവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 7ഓടെ വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു,പേപ്പാറ അസിസ്റ്റന്റ് വാർഡൻ സലിംജോസ്,അഗസ്ത്യവനം ഡെപ്യൂട്ടി വാർഡൻ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വനത്തിലെത്തി രണ്ടര വയസോളം പ്രായമുള്ള കുട്ടിയാനയെ പിടികൂടി. തുടർന്ന് പ്രത്യേക വാഹനത്തിൽ രാത്രി 9ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനക്കുട്ടിയെ കോട്ടൂർ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഇന്ന് ആദിവാസി ഊരിൽ സംസ്കരിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.