
2017 ഫെബ്രുവരി 15
മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതികുടീരത്തിൽ മൂന്നുതവണ അടിച്ച് വി.കെ. ശശികലയുടെ ശപഥം: ''ഗൂഢാലോചനയും വഞ്ചനയും പ്രതിബന്ധങ്ങളും തരണംചെയ്ത് ഞാൻ മടങ്ങിവരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.'' ചുറ്രും കൂടിനിന്ന അണ്ണാ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആദ്യം അമ്പരന്നു, പിന്നെ ഉച്ചത്തിൽ വിളിച്ചു, ''ത്യാഗ തലൈവി ചിന്നമ്മ, വാഴ്ക!''
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്ന ശശികല അനധികൃതസ്വത്ത് കേസിൽ ജയിലിലേക്കു പോകും മുൻപുള്ള മുഹൂർത്തമാണിത്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാനായി കരുക്കളൊക്കെ നീക്കി വിജയത്തിലേക്കെത്തുമെന്ന ഘട്ടത്തിലാണ് 'ചിന്നമ്മ'യ്ക്ക് മുന്നിൽ ജയിലിന്റെ വാതിൽ തുറന്നത്.
ഈ സംഭവത്തിനു മൂന്നുനാൾ മുമ്പ് തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരുമായി കൂവത്തൂരിലെ റിസോർട്ടിലേക്കു മാറിയിരുന്നു. 129 എം.എൽ.എമാരുടെ പിന്തുണയുള്ള തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു അവർ. മുഖ്യമന്ത്രിയായി ജയലളിത വാണ സിംഹാസനത്തിൽ ഇരിക്കുന്നത് സ്വപ്നംകണ്ട് കഴിയുമ്പോഴാണ് ചിന്നമ്മ അകത്തായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുന്ന അവസരത്തിലാണ് ശശികല തിരിച്ചെത്തിയത്. പക്ഷേ നഷ്ടപ്പെട്ട ജനറൽ സെക്രട്ടറി സ്ഥാനത്തിനായി കോടതിയിൽ പോയിട്ടും ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും ശശികല പ്രതീക്ഷിച്ചതുപോലെ അണ്ണാ ഡി.എം.കെ തകർന്ന് തരിപ്പണമായില്ല. സൂത്രശാലിയായ ശശികല അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗത്തെ പിളർത്തി ഒപ്പം കൂട്ടാൻ കരുക്കൾനീക്കി വരുമ്പോഴാണ് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. റിപ്പോർട്ടിലെ കണ്ടെത്തൽപ്രകാരം ജയയുടെ മരണത്തിന്റെ പ്രധാന ഉത്തരവാദി ശശികലയാണ്. 'അമ്മ'യുടെ നിഴലാണ്, തോഴിയാണ് പിൻഗാമിയാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന അണികൾക്കു മുമ്പിൽ ശശികല വില്ലത്തിയായി മാറി. ശശികല ജയലളിതയെ 'അക്ക' എന്നാണ് വിളിച്ചിരുന്നത്. പാർട്ടിയുടെ ജനറൽ സെക്രട്ടറിസ്ഥാനം നേടിയപ്പോഴും ജയിലിൽനിന്ന് തിരിച്ചെത്തിയപ്പോഴുമൊക്കെ ശശികല ജയയുടെ സ്മൃതികുടീരത്തിൽ പോയിരുന്നു. ജയയുടെ മരണത്തിനുത്തരവാദിയെന്ന് കമ്മിഷൻ കണ്ടെത്തിയ സ്ഥിതിക്ക് അവർ ഇനിയും അവിടം സന്ദർശിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴകം.
ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശശികല ഉൾപ്പെടെ നാലുപേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ശശികലയ്ക്ക് മുഖ്യമന്ത്രിപദമോഹം എന്നന്നേക്കുമായി ചുരുട്ടിക്കെട്ടാമെന്ന് ചുരുക്കം. നിഴലായി ഒപ്പം കഴിഞ്ഞ് തക്കംപാർത്തിരുന്ന ശശികല തങ്ങളുടെ 'പുരുട്ചി തലൈവി'യെ മരണത്തിലേക്ക് തള്ളിവിട്ടെന്ന കിംവദന്തികളിൽ ചിലതെങ്കിലും ശരിവയ്ക്കുന്നതാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
അന്വേഷണ കമ്മിഷനു മുന്നിൽ വന്നില്ലെങ്കിലും ജയിലിൽ കഴിഞ്ഞിരുന്ന 2018 ജനുവരിയിൽ ശശികല സത്യവാങ്മൂലം നൽകിയിരുന്നു. അതിൽ താൻ ജയലളിതയുടെ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെട്ടിരുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ജയലളിതയുടെ മരണശേഷം പോയസ് ഗാർഡനിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ താൻ ആരാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. എം.ജി.ആറിന്റെ മരണശേഷമുണ്ടായ തിക്താനുഭവത്തിന്റെ പേരിൽ രാഷ്ട്രീയം വിടാനൊരുങ്ങിയ ജയയെ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് താനെന്നായിരുന്നു ശശികലയുടെ അവകാശവാദം ''...പിന്നീട് രാഷ്ട്രീയത്തിലിറങ്ങാൻ അക്കയ്ക്കു താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, എല്ലാവരുടെയും മുന്നിൽവച്ച് നിങ്ങളെ തള്ളി താഴെയിട്ടവർക്കു മുന്നിൽ തെളിയിച്ചു കാണിക്കണം. അങ്ങനെയാണ് അക്ക വീണ്ടും രാഷ്ട്രീയത്തിലേക്കു വന്നത്. അണ്ണാ ഡി.എം.കെ പ്രവർത്തകർ നൽകുന്ന പരാതികൾ വായിച്ച്, ഉചിതമായ കാര്യങ്ങൾ നിർദ്ദേശിച്ച് അമ്മയ്ക്കു നൽകുകയായിരുന്നു എന്റെ പതിവ്. അമ്മയുടെ യാത്രാ പരിപാടികൾ തയാറാക്കുകയും സഖ്യകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നത് ഞാനാണ് ''– അവർ പറഞ്ഞു.
അപ്പോളോയിൽ സുഖവാസം
ഭക്ഷണബിൽ ₹ 1.17 കോടി
ജയലളിത അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞ നാളുകളിൽ ശശികലയുടെ കുടുംബം ആശുപത്രിയെ സുഖവാസകേന്ദ്രമാക്കി മാറ്റിയെന്ന് മുൻ നിയമമന്ത്രി വി.സി. ഷൺമുഖം ആരോപിച്ചിരുന്നു. ജയയുടെ ആശുപത്രിവാസത്തിനിടെ 1.17 കോടിയുടെ ഇഡ്ഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വി.കെ.ശശികലയും കുടുംബവുമാണ് ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് അന്നത്തെ അണ്ണാ ഡി.എം.കെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനാണ് ആദ്യം രംഗത്തെത്തിയത്. വി.കെ.ശശികല അമിത അളവിൽ സ്റ്റിറോയ്ഡുകൾ നൽകിയതാണ് ജയലളിതയുടെ മരണത്തിനു കാരണമെന്ന് മുൻമന്ത്രി സി.പൊന്നയ്യനും ആരോപിച്ചിരുന്നു.
തിരുവാരൂർ മന്നാർഗുഡിയിലെ മണലി കുറുമ്പൻ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ശശികലയുടെ ജനനം. ജയയുമായി ചങ്ങാത്തത്തിലായതോടെയാണ് ശശികലയ്ക്ക് ലോട്ടറിയടിച്ചത്. പിന്നീട് നടന്നത് മന്നാർഗുഡി ഭരണമായിരുന്നെന്ന് അണ്ണാ ഡി.എം.കെ നേതാക്കൾപോലും ആരോപിച്ചിരുന്നു.
ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് കേരളകൗമുദി ഏപ്രിൽ 19ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെ കമ്മിഷനെ സഹായിക്കാൻ എത്തിയതോടെയാണ് അന്വേഷണത്തിന് വേഗം കൂടിയത്. ഇത്രയും കോളിളക്കമുണ്ടാക്കുന്ന റിപ്പോർട്ട് വന്നയുടൻ അണ്ണാ ഡി.എം.കെയിലെ നേതാക്കളാരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. 'അമ്മ'യാണ് എല്ലാമെന്നു പറഞ്ഞവരെല്ലാം തന്ത്രപരമായ നിലപാടെടുക്കാനുള്ള ഒരുക്കത്തിലാണ്.