
തിരുവനന്തപുരം: കെ.എം.അഭിജിത്ത് രാജിവച്ച ഒഴിവിൽ എറണാകുളം കെ.എസ്.യു ജില്ലാ അദ്ധ്യക്ഷനും എ ഗ്രൂപ്പ് പ്രതിനിധിയുമായ അലോഷ്യസ് സേവ്യർ കെ.എസ്.യു സംസ്ഥാന പ്രസിഡന്റാകും. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പില്ലാതെ സമവായത്തിലൂടെ നിയമിക്കാൻ കോൺഗ്രസ് നേതാക്കൾ ധാരണയിലെത്തി. പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും.
അലോഷ്യസ് സേവ്യറിന്റെയും വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെയും പേരുകളാണ് ചർച്ചകളിൽ ഇടംപിടിച്ചത്. സംസ്ഥാന പ്രസിഡന്റിനെ മാത്രമായിരിക്കും ആദ്യം നിയമിക്കുക. അതിനുശേഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കും. ഘട്ടം ഘട്ടമായി ജില്ലാ കമ്മിറ്റികളും കീഴ്കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. ചില ജില്ലാ കമ്മിറ്റികൾക്ക് അദ്ധ്യക്ഷൻ ഇല്ല. സംസ്ഥാന കമ്മിറ്റിക്കൊപ്പം ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിച്ചേക്കും.
പുതിയ സംസ്ഥാന കമ്മിറ്റിയിൽ 21 ഭാരവാഹികളും 20 നിർവാഹക സമിതി അംഗങ്ങളും അടക്കം 41 അംഗങ്ങൾ ഉണ്ടാകും. നിർവാഹക സമിതി അംഗങ്ങളുടെ എണ്ണം കുറച്ച്, കൂടുതൽ പേർക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സംസ്ഥാന കമ്മിറ്റിയിൽ 25 ശതമാനം ഭാരവാഹിത്വം വനിതകൾക്ക് നൽകും. പ്രായ പരിധി 27 വയസ് കർശനമായി പാലിക്കും. ഭാരവാഹികളായി വിദ്യാർത്ഥികളെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് കെ.പി.സി.സി നിർദ്ദേശം. ജില്ലാ കമ്മിറ്റികളിലും സമാന മാനണ്ഡങ്ങളാവും.
2017ൽ അധികാരമേറ്റ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലുളള സംസ്ഥാന കമ്മിറ്റി പുനഃസംഘടന നടക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ നാമനിർദ്ദേശം വഴി പുനഃസംഘടന നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ തിരക്ക് മൂലമാണ് പുനഃസംഘടന വെെകിയത്. കെ.എസ്.യു പുനഃസംഘടനയ്‌ക്ക് ശേഷം ആറ് മാസത്തിനകം യൂത്ത് കോൺഗ്രസിലും പുനഃസംഘടനയ്‌ക്ക് കളമൊരുങ്ങും. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ധ്യക്ഷനാക്കാനാണ് നിലവിലെ അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന് താത്പര്യം.