
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതുസംബന്ധിച്ച സംശയങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് നൽകിയ നടപടിയെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയനും സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിക്കളയുകയാണ് ചെയ്തത്.
വിമാനസർവീസ് നടത്തിപ്പും വിമാനത്താവളം നടത്തിപ്പും മറ്റും സർക്കാരിന് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ലെന്ന് നടത്തി പരാജയപ്പെട്ട സർക്കാർതന്നെ തെളിയിച്ചിട്ടുള്ളതാണ്. എയർ ഇന്ത്യ വർഷങ്ങളോളം നടത്തി കോടികളുടെ കടം വരുത്തിവച്ച് അവസാനം അത് മര്യാദയ്ക്ക് നടത്തിയിരുന്ന ടാറ്റയ്ക്ക് തന്നെ വിൽക്കേണ്ടിവന്നത് നമ്മുടെ മുന്നിലുള്ള ബിസിനസ് പാഠമാണ്. ഒരുപക്ഷേ അന്ന് ദേശസാൽക്കരിച്ചിരുന്നില്ലെങ്കിൽ ലോകോത്തര നിലവാരമുള്ള ഒന്നാംകിട സർവീസായി അതു മാറിയേനെ. ബിസിനസ് നടത്താൻ അറിയാത്ത സർക്കാർ ഏതുമേഖല കുത്തകയാക്കി വച്ചാലും ലാഭകരമാക്കി മാറ്റാൻ കഴിയില്ലെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്താവള നടത്തിപ്പും ധാതുക്കളുടെ ഖനനവുമൊക്കെ ലോകത്ത് ഭൂരിപക്ഷവും സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. ഏറ്റവും ആധുനികമായ ടെക്നോളജിയും പ്രൊഫഷണലിസവും അതിനാവശ്യമാണ്. സർക്കാർ മേഖലയിൽ ഒരു മുട്ടുസൂചി വേണമെങ്കിലും മുകളിലേക്ക് എഴുതണമെന്ന അവസ്ഥ ഇപ്പോഴും പലയിടത്തും നിലനിൽക്കുന്നുണ്ട്. ഇതുപോലുള്ള മേഖലകൾ സർക്കാർ നടത്താൻ തുനിഞ്ഞിറങ്ങിയാൽ അവസാനം കോടികൾ നഷ്ടം വരികയും നികുതിപ്പണം എടുത്ത് അത് നികത്തേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. പരമാവധി വേഗതയിൽ ലോകം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇനി നമുക്ക് പരീക്ഷണങ്ങൾക്ക് കളയാൻ സമയമില്ല. പലതിലും ഒരു മേൽനോട്ട ചുമതലയാവും സർക്കാരിന് ഏറ്റവും ഭംഗിയായി വഹിക്കാൻ കഴിയുക .
പാട്ടവ്യവസ്ഥകൾ അംഗീകരിച്ച് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ടെൻഡറിൽ പങ്കെടുത്തശേഷം കൈമാറ്റത്തെ സംസ്ഥാനം ചോദ്യം ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്താമെന്ന ഉത്തരവ് നൽകിയ സുപ്രീംകോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
ജനങ്ങളെ സംബന്ധിച്ച് ആരു നടത്തുന്നു എന്നതിനെക്കാൾ പ്രാധാന്യം അവർക്ക് സാമ്പത്തികമായും സേവനപരമായും ലഭിക്കുന്ന പ്രയോജനങ്ങൾക്കാണ്. സർക്കാരിന്റെ വിമാനത്താവളമായാലും സ്വകാര്യ കമ്പനിയുടേതായാലും പാർക്കിംഗ് മുതൽ ഓരോ സേവനത്തിനും പണം നൽകിയേ മതിയാവൂ. കുറഞ്ഞ നിരക്കിൽ മെച്ചമായ സേവനം ആരു നൽകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിമാനത്താവളത്തിന്റെ വിജയം. അങ്ങനെ നോക്കിയാൽ തിരുവനന്തപുരത്തിന്റെയും വിമാനത്താവളത്തിന്റെയും ഭാവിക്ക് അദാനി ഗ്രൂപ്പ് തന്നെ നടത്തുന്നതാണ് നല്ലത്. ടൂറിസം മേഖലയിൽ കേരളത്തിന് മുന്നോട്ട് കുതിയ്ക്കാൻ ഉതകുന്ന രീതിയിൽ ലോകസഞ്ചാരികളെ ആകർഷിക്കാനും മറ്റും ഇത്തരം ഗ്രൂപ്പുകൾക്കാണ് കഴിയുന്നത്. അദാനിയല്ല ആര് നടത്തിയാലും ഇവിടത്തെ ജനങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. അതിനാൽ വിമാനത്താവളത്തിന്റെ വികസനത്തിനും പുരോഗതിക്കും അനുകൂലമായ രീതിയിലുള്ള സമീപനമായിരിക്കണം സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർന്നുണ്ടാകേണ്ടത്. എല്ലാം സർക്കാർ തന്നെ നടത്തണമെന്ന വാശി കഴിഞ്ഞ കാലത്തിന്റേതാണ്. അതുപേക്ഷിക്കേണ്ട കാലമാണ് കടന്നുപോകുന്നത്.