
കമ്മ്യൂണിക്കേഷൻ ആചാര്യനായിരുന്നു ഇന്നലെ അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജോൺ. വി.വിളനിലം. വിളനിലം എന്ന പേരുതന്നെ കമ്മ്യൂണിക്കേഷൻ എന്ന വിശാലപദത്തിന്റെ പര്യായപദമായി മാറി. ഇംഗ്ലീഷ്- മലയാളം ഉച്ചാരണ നിഘണ്ടു അടക്കം ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പഠന, ഗവേഷണ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. 'വിളനിലം സമരം' എന്ന പേരിൽ കുപ്രസിദ്ധമായ സമരകാലത്ത് തനിക്കു നേരേ എറിയപ്പെട്ട കല്ലുകൾക്കും ചെളിക്കും പകരം ഡോ.വിളനിലം അക്കാഡമിക് സമൂഹത്തിന് നൽകിയത് വിലമതിക്കാനാവാത്ത അറിവിന്റെ വെളിച്ചമായിരുന്നു. സ്വദേശ, വിദേശ സർവകലാശാലകളിലെ അരനൂറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ആകെത്തുകയായിരുന്നു ആ വെളിച്ചം.
മനുഷ്യസംസ്കാരത്തെ വാർത്തെടുത്ത കമ്മ്യൂണിക്കേഷൻ എന്ന മഹാപ്രക്രിയയിൽ നിന്നുയർന്നുവന്ന് സാമൂഹ്യമാറ്റത്തിനു വേണ്ടി തിന്മകളുടെമേൽ കുത്തിക്കയറുന്ന മുനകളായിരുന്നു അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:- ''കമ്മ്യൂണിക്കേഷൻ എന്നത് വിശാലമായ ഒരു പദമാണ്. അതിന്റെ ഭാഗം മാത്രമാണ് ജേർണലിസം. കമ്മ്യൂണിക്കേഷൻ സാഹിത്യ ബന്ധിയല്ല, അതൊരു ശാസ്ത്രമാണ്, സോഷ്യൽ സയൻസ്. ആധുനിക സാങ്കേതിക വിദ്യയുടെയോ ഉപകരണങ്ങളുടെയോ തേരിലേറാതെ ജനകോടികളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്ത മഹാത്മാഗാന്ധി, ദി വൺ മാൻ മീഡിയം ഒഫ് കമ്മ്യൂണിക്കേഷനാണ്. കേരളീയ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ ഏറ്റവും മികച്ച സാമൂഹ്യ ശാസ്ത്രജ്ഞൻ കൂടിയാണ് ''
1935ആഗസ്റ്റ് 11ന് ചെങ്ങന്നൂരിൽ അദ്ധ്യാപക ദമ്പതികളായ ചാണ്ടി വർഗീസ് വിളനിലത്തിന്റെയും ഏലിയാമ്മ വർഗീസ് വിള നിലത്തിന്റെയും മകനായി ജനിച്ച വിളനിലം പന്ത്രണ്ടാം വയസിൽ തന്നെ ലണ്ടൻ ചേംബർ ഒഫ് കോമേഴ്സ് നടത്തിയ അന്താരാഷ്ട്രതല ഇംഗ്ളീഷ് ടൈപ്പ് റൈറ്റിംഗ് പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസായി പ്രതിഭ തെളിയിച്ചു. രസതന്ത്രത്തിൽ ബിരുദം നേടിയശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഡെമോൺസ്ട്രേറ്ററായി. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. തിരുവല്ല മാർത്തോമാ കോളേജിലും കോഴിക്കോട് ദേവഗിരി കോളേജിലും അദ്ധ്യാപകനായിരുന്ന ശേഷം ചെന്നൈയിൽ എം.ആർ.എഫിൽ ചേർന്നു. മുംബയിലെ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡിപ്ളോമ നേടിയശേഷം കമ്പനിയുടെ പേഴ്സണൽ ട്രെയിനിംഗ് വിഭാഗത്തിൽ സേവനമനുഷ്‌ഠിക്കുന്നതിനൊപ്പം ഹൗസ് ജേണലിന്റെ എഡിറ്റിംഗും നിർവഹിച്ചു. ഫിലാഡെൽഫിയയിലെ ടെമ്പിൾ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ എം.എസ് (മാസ്റ്റർ ഒഫ് സയൻസ്) നേടി. നെതർലാൻഡ്സിലെ ആംസ്റ്റർഡാം സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് പിഎച്ച്ഡി ലഭിച്ചു.1982 മുതൽ കേരള സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പിന്റെ തലവനായി. കോഴ്സിന്റെ സമഗ്രത വർദ്ധിപ്പിക്കാനും പ്രവേശന പരീക്ഷ കുറ്റമറ്റരീതിയിൽ നടത്താനും ചുക്കാൻ പിടിച്ചു. കുട്ടികൾക്ക് പരിശീലനം നൽകാൻ 'ദ റിപ്പോർട്ടർ" എന്ന സായാഹ്നപത്രം പുറത്തിറക്കി. 1992ൽ കേരള സർവകലാശാല വൈസ് ചാൻസലറായി.
സർവകലാശാലയിലെ 38 വകുപ്പുകളിലും ക്രെഡിറ്റ് ആൻഡ് സെമസ്റ്റർസിസ്റ്റം കൊണ്ടുവന്നതും പല ബിരുദ കോഴ്സുകളും തൊഴിലധിഷ്‌ഠിതമാക്കിയതും ഡോ.വിളനിലത്തിന്റെ പരിശ്രമഫലമായാണ്. ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതും സെനറ്റിലെയും സിൻഡിക്കേറ്റിലെയും രാഷ്ട്രീയ അതിപ്രസരം തടയാൻ ശ്രമിച്ചതും അദ്ദേഹത്തെ പലരുടെയും കണ്ണിലെ കരടാക്കി മാറ്റി. അൺ എയ്ഡഡ് കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നത് കർക്കശ പരിശോധനയ്‌ക്കു ശേഷം മതിയെന്ന് അദ്ദേഹം നിലപാടെടുത്തു. കോളേജ് അദ്ധ്യാപകർ ഏറ്റവും ആനുകൂല്യം കൈപ്പറ്റുന്നവരും ഏറ്റവും അലസരും ആണെന്ന പരാമർശത്തോടെ പ്രതിഷേധം കടുത്തു. നാനാദിശകളിലെ എതിർപ്പ് ഉരുണ്ടുകൂടി 'വിളനിലം സമരം"ആയി അവതരിക്കുകയായിരുന്നു.അദ്ദേഹം 1996ൽ വൈസ് ചാൻസലർ പദവിയിൽനിന്ന് വിരമിച്ചു.
1998ൽ യു.ജി.സി അദ്ദേഹത്തിന് പ്രൊഫസർ എമരിറ്റസ് പദവി നൽകി ആദരിച്ചു. ഭഗൽപൂർ സർവകലാശാല ഡി.ലിറ്റ് നൽകി. അമേരിക്കയിലെ ടെമ്പിൾ, പെൻസിൽവാനിയ, ഇന്ത്യയിലെ ധാർവാർ, മാംഗ്ളൂർ,ഭോപാൽ, ഭുവനേശ്വർ എന്നീ സർവകലാ ശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു ഡോ.വിളനിലം. 1966-ൽ 'മനുഷ്യൻചന്ദ്രനിലേക്ക് " എന്ന ശാസ്ത്രഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഗ്രന്ഥരചന തുടങ്ങിയത്. പരസ്യം എന്ന കൃതിക്ക് 1984ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മറ്റ് മലയാളകൃതികൾ :റബർ(1973), തൊഴിൽ രോഗങ്ങൾ(1981), ആൽക്കഹോളിസം (1984) കമ്മ്യൂണിക്കേഷൻ (1985) ഒരേനാദം നാനാവിഷയം(1992) ആ ലോകം മുതൽ ഇ -ലോകം വരെ (2003) മാദ്ധ്യമങ്ങളും ആനുകാലിക സാമൂഹ്യപ്രശ്‌നങ്ങളും(2005)24 ഗവേഷണഗ്രന്ഥങ്ങൾ കൂടാതെ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും പ്രസിദ്ധീകരണങ്ങളിലായി നൂറുകണക്കിന് ലേഖന ങ്ങൾ രചിച്ചു. ജേർണലുകൾ എഡിറ്റ് ചെയ്‌തു.