nashicha-nelkrishi

കല്ലമ്പലം: അജ്ഞാത രോഗം ബാധിച്ച് കരവാരം പഞ്ചായത്തിലെ പറക്കുളം ഏലായിലെ നെൽകൃഷി നശിച്ചതായി കർഷകർ. 22 ഹെക്ടറോളം കൃഷി നശിച്ചതായാണ് കണക്ക്. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കാലം തെറ്റിയുള്ള മഴയാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തോട്ടയ്ക്കാടിനും ചാത്തൻപാറയ്ക്കും ഇടയിൽ വരുന്ന 25 ഹെക്ടർ വിസ്തൃതിയുള്ളതാണ് പാടശേഖരം. 3 ഹെക്ടറോളം സ്ഥലത്ത് വാഴ, പച്ചക്കറി, മരച്ചീനി തുടങ്ങിയ കൃഷികളുണ്ട്. ബാക്കിയുള്ളിടത്ത് പൂർണമായും നെൽകൃഷിയാണ്. പൂർണ്ണവളർച്ചയെത്തിയ നെൽ ചെടിയിൽ കതിർ വന്നതിനുശേഷം നെല്ല് രൂപപ്പെടാതെ കരിഞ്ഞുണങ്ങുകയായിരുന്നു. ലക്ഷങ്ങൾ ചെലവിട്ട് കൃഷി ഇറക്കിയ കർഷകർക്ക് വിളവെടുപ്പ് സമയത്ത് ലഭിച്ചത് വൈക്കോൽ മാത്രമാണ്.

കന്നുകാലികളെ വളർത്തുന്ന കർഷകർ മാത്രം വൈക്കോലിന് വേണ്ടി കൊയ്ത്ത് നടത്തി.

കൃഷിപൂർണ്ണമായും നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു കൃഷിനാശം ഇവിടെ സംഭവിച്ചെതെന്ന് പാടശേഖരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. എല്ലാ ഘട്ടങ്ങളും ചിട്ടയായ പരിചരണം നൽകിയിരുന്നു. വളപ്രയോഗവും കീടനാശിനി പ്രയോഗവും മുറപോലെ നടത്തി. പക്ഷേ വിളവ് മാത്രം കിട്ടിയില്ല.