peyad

മലയിൻകീഴ് : ജില്ലയിലെ പ്രധാന റോഡായ തിരുവനന്തപുരം - നെയ്യാർഡാം റോഡിൽ യാത്രാദുരിതം രൂക്ഷമായിട്ട് വർഷങ്ങൾ കഴിഞ്ഞു. പേയാട് മുതൽ അന്തിയൂർക്കോണം വരെയുള്ള റോഡിൽ കാൽനടപോലും സാദ്ധ്യമല്ലാത്തവിധം കുണ്ടും കുഴിയുമാണ്. അല്പമൊന്ന് ശ്രദ്ധ തെറ്റിയാൽ കുഴിയിൽ വീഴുന്ന സ്ഥിതിയാണ്. അന്തിയൂർക്കോണം പാലത്തിന് സമീപത്തെയും ജംഗ്ഷനിലെയും റോഡിന്റെ അവസ്ഥയും ഇതുതന്നെ. മേപ്പൂക്കട,കുളക്കോട് കൊടുംവളവ്,മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡും കുഴിഞ്ഞ നിലയിലാണ്. മഴക്കാലമായാൽ കുഴികളിലുണ്ടാകുന്ന വെള്ളക്കെട്ട് അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. മലയിൻകീഴ് ജംഗ്ഷനിലും ക്ഷേത്ര റോഡ്, ട്രഷറി റോഡ് ആരംഭിക്കുന്നിടത്തുമുണ്ടായിരുന്ന വൻകുഴികൾ ഇപ്പോൾ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. ഇവിടെ എത്തുന്ന വാഹനങ്ങൾ തിക്കിത്തിരക്കിയാണ് പോകുന്നത്. അതോടൊപ്പം കുഴികളിലുണ്ടാകുന്ന വെള്ളക്കെട്ടും. റോഡിലെ മെറ്റലുകൾ ഇളകി കിടക്കുന്നത് മൂലം വാഹനങ്ങളിൽ നിന്നും തെറിച്ച് വീണ് അപകടമുണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. മഴ മാറിയാലുടൻ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് പൊതുമരാമത്ത് വകുപ്പ് എ.ഇ. മാസങ്ങളായി നൽകുന്ന മറുപടി. എന്നാൽ മഴമാറിയിട്ടും റോഡ് നവീകരണം മാത്രമുണ്ടായില്ല. പരാതി ശക്തമായതിനെത്തുടർന്ന് പാറവേസ്റ്റ് കുഴികളിൽ ഇട്ടെങ്കിലും മഴക്കാലത്ത് അത് ചെളിയായി മാറിയതിനാൽ കുഴികൾ വീണ്ടും വലുതാകുകയാണുണ്ടായത്. മുറിച്ചുകടക്കാൻ പോലും കഴിയാത്ത തിരക്കേറിയ ഈ റോഡ് നവീകരിക്കണമെന്ന് ജനപ്രതിനിധികൾക്കും പൊതുമരാമത്ത് വകുപ്പിനും വിവിധ കേന്ദ്രങ്ങളിൽ നിന്ന് പലവട്ടം നിവേദനമുൾപ്പെടെ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പേയാട്,മലയിൻകീഴ്,കാട്ടാക്കട ജംഗ്ഷനുകൾ നവീകരിച്ച് റിംഗ് റോഡുകൾ നിർമ്മിക്കുന്നതിനായി 400 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് വന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. കഴിഞ്ഞ ദിവസം പേയാട് ജംഗ്ഷനിലെ റോഡിലുണ്ടായ വെള്ളക്കെട്ടിൽ കോൺഗ്രസ് പേയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.