nellu

സംസ്ഥാനത്തിന്റെ ഭക്ഷ്യവകുപ്പുമന്ത്രി ആന്ധ്രാ സർക്കാരിനോട് കുറഞ്ഞവിലയ്ക്ക് അരി നൽകണമെന്ന് അഭ്യർത്ഥിക്കുമ്പോൾ സംസ്ഥാനത്തെ പാടവരമ്പുകളിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ് നൂറുകണക്കിന് ടൺ നെല്ല് അനാഥമായി കിടക്കുകയായിരുന്നു. എല്ലാ വർഷത്തെയും പോലെ ഇക്കുറിയും മില്ലുടമകളുടെ നിസ്സഹരണമാണ് ഈ ദുസ്ഥിതിക്കു കാരണം. ആലപ്പുഴയിലെ കുട്ടനാട്ടും പാലക്കാട്ടും കർഷകർ രണ്ടാഴ്ചയിലേറെയായി മില്ലുകൾ തങ്ങളുടെ നെല്ലളക്കുന്നതും കാത്ത് ആധിയോടെ കഴിയുകയാണ്. എന്നാൽ അഞ്ചുവട്ടം ചർച്ചകൾ കഴിഞ്ഞിട്ടും നെല്ലെടുക്കാൻ മില്ലുകാർ തയ്യാറാകുന്നില്ല. ഇതിന് അവർക്ക് മുന്നോട്ടുവയ്ക്കാൻ കാരണങ്ങളുമുണ്ട്. ഏതു വിഷയത്തിലും തർക്കങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ സർക്കാർ ഇടപെടൽ അനിവാര്യമാകുന്നത്. ധനമന്ത്രി ബാലഗോപാലും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ഒത്തുതീർപ്പു ചർച്ച ഒന്നിലേറെ തവണ നടത്തി. മില്ലുടമകളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ മില്ലുടമകൾ വഴങ്ങുന്നില്ല. മുൻപ് നെല്ലുസംഭരിച്ച വകയിൽ കുടിശികയുണ്ട്. അത് ഉടനെ നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം നെല്ലെടുക്കാൻ അൻപത്താറു മില്ലുകൾ മുന്നോട്ടുവന്നിരുന്നെങ്കിൽ ഇക്കുറി വിരലിലെണ്ണാവുന്ന മില്ലുകളാണ് രംഗത്തുള്ളത്.

തുലാവർഷത്തിന്റെ കേളികൊട്ടു തുടങ്ങിക്കഴിഞ്ഞിരിക്കെ നെല്ലുസംഭരണത്തിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം കർഷക കുടുംബങ്ങളിൽ എത്ര വലിയ ആശങ്കയാണു സൃഷ്ടിച്ചിട്ടുള്ളതെന്ന് സർക്കാർ മനസിലാക്കണം. വൈകുന്ന ഓരോ ദിവസവും ആധി അധികരിക്കുകയാണ്. മഴ തുടർന്നാൽ ഉണ്ടാകാവുന്ന നഷ്ടം ഓർത്ത് കർഷകർ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. നൂറും ആയിരവുമല്ല എണ്ണായിരത്തിലധികം ടൺ നെല്ല് പതിനഞ്ച് വലിയ പാടശേഖരങ്ങളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. കുട്ടനാട്ടും പാലക്കാട്ടും ഇപ്പോഴും കൊയ്‌ത്തു നടക്കുന്നുണ്ട്. അവ കൂടി പൂർത്തിയാകുമ്പോൾ പാടവരമ്പുകളിലും മറ്റു കേന്ദ്രങ്ങളിലും നെല്ല് കുമിഞ്ഞുകൂടും. മഴ അധികരിച്ചാൽ നെല്ല് കിളിർക്കാനും തുടങ്ങും.കേന്ദ്ര നിയമപ്രകാരം മില്ലുകാർ ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 68 കിലോ അരി സിവിൽ സപ്ളൈസ് കോർപ്പറേഷനു നൽകണമെന്നാണു ചട്ടം. സംസ്ഥാനത്ത് 64 കിലോ വച്ചാണ് മില്ലുകാർ ഇപ്പോൾ നൽകാൻ തയ്യാറാകുന്നത്. കേന്ദ്ര നിയമമാണ് മില്ലുകളെ നെല്ലുസംഭരണത്തിൽ നിന്ന് അകറ്റിനിറുത്തുന്നത്. പല കാരണങ്ങളാൽ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാനാകുന്നില്ലെന്നാണ് അവരുടെ പരാതി. തർക്കങ്ങൾ നീളുന്തോറും കിട്ടിയ വിലയ്ക്ക് നെല്ല് വിറ്റൊഴിയാൻ കർഷകർ മുന്നോട്ടുവന്നാൽ അതിന്റെ നേട്ടവും മില്ലുകാർക്കായിരിക്കും. പ്രശ്നങ്ങൾക്ക് അതും ഒരു കാരണമാകാം. ഏതായാലും നെല്ലുസംഭരണത്തിൽ ഇപ്പോഴുണ്ടായിട്ടുള്ള അനിശ്ചിതത്വത്തിന് ഒരു മണിക്കൂർ മുമ്പേ പരിഹാരം കാണേണ്ടത് അത്യവശ്യമാണ്. സംസ്ഥാനത്ത് അരിവില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒരുമണി നെല്ലുപോലും പാടവരമ്പത്തു കിടന്ന് നശിക്കാൻ പാടില്ല. വിട്ടുവീഴ്ചകൾ ചെയ്തും എത്രയും വേഗം നെല്ലെടുക്കാൻ മില്ലുടമകളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.

പ്രതിസന്ധിക്കാലത്ത് സപ്ളൈകോ തന്നെയാണ് കർഷകരുടെ രക്ഷയ്ക്ക് എത്തേണ്ടത്. അതിനൊക്കെ വേണ്ടിയാണല്ലോ സർക്കാർ ഇത്തരം സ്ഥാപനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏതാനും ആഴ്ചകൾക്കിടെ അരിവില കിലോയ്ക്ക് പത്തുരൂപ മുതൽ പതിനഞ്ചു രൂപവരെ കൂടിയിട്ടുണ്ട്. ഇതിനുമുമ്പ് ഒരിക്കലും ഇത്ര വലിയ തോതിൽ അരിവില കൂടിയിട്ടില്ല. മില്ലുകാരും സർക്കാരും കർഷകരും മൂന്നു കൊമ്പിലിരുന്ന് തർക്കിക്കാതെ നെല്ലുസംഭരണം സുഗമമാക്കാനുള്ള വഴിതേടണം.