
തിരുവനന്തപുരം: വിദേശ യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങൾ അടിസ്ഥാന രഹിതമെന്നും തട്ടിക്കൂട്ട് പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നതിന് എതിരല്ല. പക്ഷേ സർക്കാർ ചെലവിൽ പോകുമ്പോൾ സംസ്ഥാനത്തിന് അതിലൂടെ എന്ത് നേട്ടമുണ്ടായെന്ന പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കണം.
നാളെയുടെ പദാർത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീനുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അവകാശ വാദങ്ങൾ ഉന്നയിച്ചത്. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രഫീൻ പദ്ധതിയെപ്പറ്റിയാണ് പറഞ്ഞത്. പദ്ധതി എന്തായെന്ന് വ്യക്തമാക്കണം.
ആരോഗ്യ പ്രവർത്തകർക്ക് യു.കെയിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ധാരണാപത്രം ഒപ്പുവച്ചെന്ന് പറയുന്നു. ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ് എന്നത് ജൂലായിൽ യു.കെയിൽ നിലവിൽ വന്ന സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്. അല്ലാതെ യു.കെ സർക്കാരല്ല. ഹിന്ദുജ ഗ്രൂപ്പുമായി സംസാരിക്കാൻ ലണ്ടനിൽ പോകേണ്ട കാര്യമില്ല.
2019-ൽ ജപ്പാനും കൊറിയയും സന്ദർശിച്ചപ്പോൾ 300 കോടി രൂപയുടെ വ്യവസായം കൊണ്ടുവരുമെന്നായിരുന്നു പ്രഖ്യാപനം. നീറ്റാ ജലാറ്റിൽ കമ്പനി , ടെറുമോ കോർപറേഷൻ, തോഷിബ, ടൊയോട്ട തുടങ്ങിയ അഞ്ച് പ്രഖ്യാപനങ്ങളും നടന്നില്ല.
2019 -ൽ നെതർലൻഡ് സന്ദർശിച്ച മുഖ്യമന്ത്രി റൂം ഫോർ റിവർ പ്രഖ്യാപിച്ചെങ്കിലും മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. 2020 ൽ വിദേശ നിക്ഷേപം സ്വീകരിക്കാൻ സംഘടിപ്പിച്ച അസന്റിൽ 22,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചതിൽ ഒന്നു നടപ്പാക്കിയില്ല.