
തിരുവനന്തപുരം: കേരള സർവകലാശാലാ മുൻ വൈസ്ചാൻസലറും കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് മുൻ മേധാവിയുമായ ഡോ. ജെ.വി. വിളനിലം (ജോൺ വർഗീസ് വിളനിലം-87) അന്തരിച്ചു. രോഗബാധിതനായി കിടപ്പിലായിരുന്നു. ശ്രീകാര്യം ഗാന്ധിപുരത്തെ ചിലമ്പിൽ ലെയ്‌ൻ 28-ഇ വസതിയിലായിരുന്നു താമസം.
25നാണ് സംസ്കാരം. അന്നു രാവിലെ എട്ട് മുതൽ വസതിയിൽ പൊതുദർശനം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശ്രീകാര്യം ബസേലിയോസ് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെട്ടയം മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അമേരിക്കയിൽ അദ്ധ്യാപികയായിരുന്ന ആനി ജോൺ വിളനിലമാണ് ഭാര്യ. മക്കൾ: സന്തോഷ് വിളനിലം, പ്രകാശ് വിളനിലം (ഇരുവരും യു.എസ്.എ) പരേതനായ സുരേഷ് വിളനിലം. മരുമക്കൾ: സ്നേഹ, ലൂലൂ.
1992 മുതൽ 96 വരെയാണ് വൈസ് ചാൻസലറായിരുന്നത്.
ചെങ്ങന്നൂരിൽ അദ്ധ്യാപക ദമ്പതികളായ ചാണ്ടി വർഗീസ് വിളനിലത്തിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകനായി 1935 ആഗസ്റ്റ് 11നാണ് ജനനം. പന്ത്രണ്ടാം വയസിൽ ലണ്ടൻ ചേംബർ ഒഫ് കോമേഴ്സ് നടത്തിയ രാജ്യാന്തര ഇംഗ്ളീഷ് ടൈപ്പ് റൈറ്റിംഗ് പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസായി . രസതന്ത്രത്തിൽ ബിരുദം നേടിയശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ഡെമോൺസ്ട്രേറ്ററായി. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. തിരുവല്ല മാർത്തോമാ കോളേജിലും കോഴിക്കോട് ദേവഗിരി കോളേജിലും അദ്ധ്യാപകനായി.തുടർന്ന് ചെന്നൈയിൽ എം.ആർ.എഫിൽ ചേർന്നു. ഫിലാഡെൽഫിയയിലെ ടെമ്പിൾ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ എം.എസ് നേടി. നെതർലൻഡ്സിലെ ആംസ്റ്റർഡാം സർവകലാശാലയിൽ നിന്ന് പി.എച്ച്ഡി ലഭിച്ചു. 1982 മുതൽ കേരള സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പിന്റെ തലവനായി.
വി.സിയായിരിക്കേ,സർവകലാശാലയിലെ 38 വകുപ്പുകളിലും ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം നടപ്പാക്കി. 1998ൽ യു.ജി.സി എമരിറ്റസ് പ്രൊഫസർ പദവി നൽകി. നിര്യാണത്തിൽ ഗവർണറും മുഖ്യമന്ത്രിയും അനുശോചിച്ചു.