vilanilam

തിരുവനന്തപുരം:കേരള സർവകലാശാലയിൽ മാസങ്ങൾ നീണ്ട അക്രമാസക്ത സമരത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു വൈസ് ചാൻസലറായിരുന്ന ഡോ.ജോൺ വർഗീസ് വിളനിലം. 1983ൽ സർവകലാശാല ജേർണലിസം വകുപ്പിൽ പ്രൊഫസർ നിയമനത്തിനുള്ള വിളനിലത്തിന്റെ അപേക്ഷയിൽ ഇംഗ്ലണ്ടിലെ സസെക്സ് കോളേജ് ഓഫ് ടെക്നോളജിയുടെ അംഗീകാരമില്ലാത്ത ഓണററി ഡോക്ടറേറ്റ് ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. 1992ൽ വിളനിലം വി.സി ആയതിന് പിന്നാലെയാണ് പരാതി ഉയരുന്നതും അദ്ദേഹത്തിന്റ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം തുടങ്ങുന്നതും. രണ്ട് ജേർണലിസം ഗവേഷണ വിദ്യാർത്ഥികളായിരുന്നു പരാതിക്കാർ. സമരം തെരുവിലേക്ക് വ്യാപിച്ചു. നേതാക്കൾക്കെല്ലാം ക്രൂരമായ മർദ്ദനമേറ്റതോടെ സമരത്തിന്റെ മട്ടുമാറി. മാസങ്ങളോളം വി.സിയെ സർവകലാശാലയിൽ കടക്കാൻ അനുവദിച്ചില്ല. തെരുവുകളിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. വി.സിയുടെ കാറിനു മുന്നിൽ സമരക്കാർ ചാടിവീണു. പൊതുവാഹനങ്ങളും ഓഫീസുകളും തകർത്തു. ക്രിസ്ത്യൻ സഭകൾ വിളനിലത്തിന് അനുകൂലമായി സംയുക്ത പ്രസ്താവന ഇറക്കി. ലാത്തിച്ചാർജ്ജും രക്തച്ചൊരിച്ചിലും നടക്കുമ്പോൾ, വിളനിലം വീട്ടിലിരുന്ന് സർവകലാശാല ഭരിച്ചു. സിൻഡിക്കേറ്റ് യോഗങ്ങൾ പോലും വീട്ടിലിരുന്ന് നടത്തി.

തുടർച്ചയായി സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് ജി.സുധാകരനടക്കം എട്ട് സി.പി.എം അംഗങ്ങളെ പുറത്താക്കി. വിളനിലത്തെ മാറ്റി ഡോ. ഡി.ബാബുപോളിന് വി.സിയുടെ ചുമതല നൽകി. കെ.കരുണാകരനായിരുന്നു മുഖ്യമന്ത്രി. വിളനിലത്തെ അയോഗ്യനാക്കണമെന്ന് ഹൈക്കോടതിയിൽ ക്വോ - വാറന്റോ ഹർജി എത്തിയെങ്കിലും അദ്ദേഹത്തിന് തുടരാമെന്നായിരുന്നു ഉത്തരവ്. സർക്കാരിന്റെ കമ്മിഷൻ വിളനിലത്തിന്റെ ഓണററി ഡോക്ടറേറ്റ് വ്യാജമല്ലെന്ന് കണ്ടെത്തിയതോടെ അദ്ദേഹം വി.സിയായി തിരിച്ചെത്തി. 'വിളനിലം സമരം' എന്ന് ചരിത്രം അടയാളപ്പെടുത്തിയ സമരത്തിന്റെ പരിസമാപ്തിയായിരുന്നു അത്. പിന്നീട് കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം വി.സി പദമൊഴിഞ്ഞത്. കുറേക്കാലത്തിനു ശേഷം എ.കെ.ജി ഹാളിൽ ഇ.എം.എസ് പങ്കെടുത്ത പരിപാടിയിൽ വിളനിലത്തെ ആദരിച്ചതും കേരളം കണ്ടു.

'വിളനിലം സമര'ത്തിലേക്ക് നയിച്ച മറ്റൊരു സംഭവവും ഉണ്ട്. 1988- 92 കാലഘട്ടത്തിൽ ഡോ. ജി. ബാലമോഹൻ തമ്പി വൈസ് ചാൻസലറായിരുന്നപ്പോൾ എ.കെ.ജി സെന്ററിനോട് ചേർന്നുള്ള സർവകലാശാലയുടെ ഭൂമിയിൽ കരിങ്കൽ ഭിത്തി കെട്ടി തിരിച്ചത് വിവാദമായിരുന്നു. സർവകലാശാല എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ കൂടുതൽ കൈയേറി എന്നാരോപിച്ച് ചെറിയാൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ പ്രക്ഷോഭമുണ്ടായിരുന്നു. ഡോ.വിളനിലം വി.സി ആയപ്പോൾ സർവകലാശാലയുടെ മുഴുവൻ ഭൂമിയും അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ടതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.

വി.സിക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അക്കാഡമിക് കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത കേരള സർവകലാശാല മുൻ വി.സി ഡോ.സാമുവൽ മത്തായി, രജിസ്ട്രാറായിരുന്ന പി.വിജയചന്ദ്രൻ നായർ എന്നിവർ എസ്.എഫ്.ഐയുടെ ആക്രമണത്തിനിരയായി.

സർവകലാശാലയിൽ ക്രെഡിറ്ര് ആൻഡ് സെമസ്റ്റർ നടപ്പാക്കിയതും യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സെന്ററുകൾ തുടങ്ങിയതും വിളനിലത്തിന്റെ കാലത്തായിരുന്നു.