
ലഹരി മാഫിയയിലെ രണ്ടായിരം പേരെ മുൻകരുതൽ തടങ്കലിലാക്കും
തിരുവനന്തപുരം: കേരളത്തിന്റെ യുവചേതനയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ഉദാസീന നിലപാട് സ്വീകരിക്കാനാവില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളകൗമുദി ബോധപൗർണ്ണമി ക്ലബും എക്‌സൈസ് വകുപ്പും സംയുക്തമായി പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തലമുറയുടെ ആഹ്ലാദത്തെ തല്ലിക്കെടുത്തുന്ന മാരകവിപത്തായ മയക്കുമരുന്ന് പടരുന്ന നില തുടർന്നാൽ സാമൂഹ്യ പുരോഗതി തകരും. ലഹരി മാഫിയ കണ്ണുവച്ചിട്ടുളളത് സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളിലാണ്. ആൺ-പെൺ ഭേദമില്ലാതെ കുട്ടികളെ വില്‌പന ശൃംഖലയുടെ കണ്ണികളാക്കുകയാണവർ. കേരളം പ്രേതഭൂമിയായി മാറാതിരിക്കാൻ ലഹരി മാഫിയയെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തും. ലഹരി മാഫിയയിൽപ്പെട്ട രണ്ടായിരത്തോളം പേരെ മുൻകരുതലായി അറസ്റ്റ് ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി വെളിപ്പെടുത്തി.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ലൈലാസ്, പി.ടി.എ പ്രസിഡന്റ് എം.എസ്. അജിത് കുമാർ, ഹെഡ്‌മാസ്റ്റർ എൽ.ആർ. ഷാജി, സ്റ്റാഫ് സെക്രട്ടറി കെ.എൽ. ബിനുരാജ്, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് തുടങ്ങിയവർ പങ്കെടുത്തു. എക്‌സൈസ് വകുപ്പിലെ സൈക്കോളജിസ്റ്റ് സ്‌നേഹാദരം റീജാ രാജൻ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളകൗമുദിക്കൊപ്പം സഞ്ചരിക്കുന്ന ലൂർദ്ദ് മാതാ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന് വേണ്ടി ഫാ. ലിൻസ്, ഗാലന്റ് ഐ.എ.എസ് അക്കാഡമിക്ക് വേണ്ടി ഡയറക്‌ടർ ജസ്റ്റിൻ ജോർജ്, ഇ.യു അക്കാഡമിക്‌സ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി ആൻഡ് സർവീസസിന് വേണ്ടി റീജിയണൽ മാനേജർ പ്രിങ്കിൾ, അമാലിയോ അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിന് വേണ്ടി മാനേജിംഗ് ഡയറക്‌ടർ ആൻഡ് ചെയർമാൻ എം.ജി. അമലേഷ്, നാഷണൽ കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഷാജഹാൻ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
കേരളകൗമുദിക്ക് മന്ത്രിയുടെ അഭിനന്ദനം
ആധുനിക കേരള നിർമ്മിതിക്ക് പ്രചോദനമായ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിന്റെ സാമൂഹിക വികാസത്തിന് വിളക്കും വെളിച്ചവുമായത് കേരളകൗമുദിയാണ്. കൗമുദിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ് ലഹരിക്കെതിരായ ബോധവത്കരണ സെമിനാറുകൾ. അഞ്ഞൂറോളം സ്‌കൂളുകളിലാണ് കേരളകൗമുദി ബോധപൗർണ്ണമി ക്ലബുകൾ ആരംഭിച്ചിരിക്കുന്നത്. സർക്കാർ ലഹരിക്കെതിരായ പോരാട്ടം തുടങ്ങും മുന്നേ കേരളകൗമുദി ലഹരിക്കെതിരായ പ്രചാരണം ആരംഭിച്ചു. സർക്കാർ തീരുമാനത്തിന്റെ സ്‌പിരിറ്റ് ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്രവർത്തനവും അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്ക് സർപ്രൈസ് നൽകി സ്‌കൂൾ അധികൃതർ
ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷിനെ റോസാ പൂ നൽകി സ്വീകരിക്കാൻ സ്കൂളധികൃതർ കണ്ടുവച്ചത് ആറാം ക്ലാസ് വിദ്യാർത്ഥിയായ മന്ത്രിയുടെ മകൾ പ്രിയദത്ത എൻ. രാജേഷിനെ. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം മന്ത്രിയെ സ്വീകരിക്കുന്നതിനിടെ പൂക്കളുമായി അദ്ധ്യാപകർക്കൊപ്പം അപ്രതീക്ഷിതമായി മകളെത്തിയപ്പോൾ മന്ത്രി പുഞ്ചിരിയോടെ ചേർത്തുനിറുത്തി. തുടർന്ന് എൻ.സി.സിയുടെ ഗാർഡ് ഒഫ് ഓണറും സ്വീകരിച്ചാണ് മന്ത്രി സെമിനാർ നടന്ന വേദിയിലേക്ക് നീങ്ങിയത്. പാലക്കാട്ട് അദ്ധ്യയനം നടത്തിയിരുന്ന പ്രിയദത്ത ഇക്കൊല്ലമാണ് പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.സിൽ ചേർന്നത്.