farming

തിരുവനന്തപുരം: നേരിട്ടു കഴിക്കാവുന്നതും, പാകം ചെയ്യാവുന്നതുമായ മൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങൾ

വഴി കർഷകർക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടുള്ള കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രണ്ടാഴ്ചക്കകം നിലവിൽ വരും. കാർഷിക വിദഗ്ദ്ധരും ഗവ. സെക്രട്ടറിമാരും ഉൾപ്പെടുന്ന 10 അംഗ ഡയറക്ടർ ബോർഡിനെയും നിയമിക്കും.

കൃഷിവകുപ്പിന് കീഴിലുള്ള ആനയറയിലെ അന്താരാഷ്ട്ര മൊത്ത വിപണി അടക്കം 9 മാർക്കറ്റുകൾ

കാബ്കോയ്ക്ക് കീഴിലാവും. മാർക്കറ്റുകളിൽ ജോലി നോക്കുന്നവരെ കമ്പനിയിലേക്ക് മാറ്റും. സംസ്ഥാനത്ത് ആരംഭിക്കുന്ന വിവിധ അഗ്രോ പാർക്കുകളും ഇതിന് കീഴിലാവും.. കാർഷികോത്പന്നങ്ങളുടെ ശേഖരണം,ശീതീകരണം , മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പാക്കേജിംഗ് ,ബ്രാന്റിംഗ്,മാർക്കറ്റിങ് എന്നിവയ്ക്കുള്ള പദ്ധതി രേഖ തയ്യാറാക്കാൻ പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസിയെ നിയോഗിക്കും. മൂന്നു മാസത്തിനകം ക പ്രവർത്തനം ആരംഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 300 കോടിയുടെ മുതൽമുടക്ക് ലക്ഷ്യമിടുന്നു കേന്ദ്ര ഭക്ഷ്യ സംസ്‌കരണ ,മൃഗ സംരക്ഷണ ,കാർഷിക മന്ത്രാലയങ്ങളുടെയും, നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെയും പദ്ധതികളും ഇതിൽ ഉൾപ്പെടുത്തും..
സിയാൽ മാതൃകയിൽ മൂലധനനിക്ഷേപമുള്ള കമ്പനിയിൽ 33 ശതമാനത്തിൽ കവിയാത്ത ഓഹരി കൃഷി വകുപ്പിനായിരിക്കും. ഉത്പന്ന കമ്പനികൾക്കും കൃഷിക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഓഹരി ഉടമകളാകാം. ഇക്കഴിഞ്ഞ ആഗസ്റ്റിൽ രൂപീകരിച്ച വിദഗ്‌ദ്ധ സമിതിയുടെ പ്രവർത്തന ഫലമായാണ് കമ്പനി രൂപീകരണം വേഗത്തിലാവുന്നത്. കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, മുൻ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ചാർട്ടേർഡ് അക്കൗണ്ടന്റ് എം.കെ.ശ്രീധർ, അഗ്രി ബിസിനസ്, സംരംഭകത്വ, സ്‌കില്ലിംഗ് വിദഗ്ദ്ധൻ ഡോ. ടി.പി.സേതുമാധവൻ എന്നിവരുൾപ്പെട്ടതാണ് സമിതി.