road

കിളിമാനൂർ: മങ്കാട് റോഡിന് ശനിദശ മാറാൻ ഇനി എത്ര നാൾ കാത്തിരിക്കണം. പഞ്ചായത്ത് ബസ് സ്റ്റാന്റ്, മങ്കാട്-മുസ്ലിം പള്ളി - ആയിരവില്ലി റോഡാണ് കുണ്ടും കുഴിയും വീണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. കുറെ ഭാഗം കോൺക്രീറ്റും ശേഷിച്ചവ ടാറുമാണ് ചെയ്തിരുന്നത്. ഇരു ഭാഗവും കുണ്ടും കുഴിയും വീണ് കാൽ നടയാത്ര പോലും ദുസ്സഹമാക്കിയിരിക്കുകയാണ്. വ്യാപാര ഭവന് സമീപം ടാറും കോൺക്രീറ്റും സന്ധിക്കുന്ന ഭാഗത്ത് ഒരടിയിൽ ഏറെ താഴ്ചയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

മഴവെള്ളം കെട്ടികിടക്കുന്ന ഈ ഭാഗത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേർ കാൽ വഴുതി വീണ് പരിക്കേറ്റിട്ടുണ്ട്. നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ഇരു ചക്രവാഹനങ്ങളും, ഓട്ടോകളും ഈ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നു.

റോഡിന്റെ ശോചനീയവസ്ഥ. ചൂണ്ടി കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് റോഡ് നവീകരിക്കുന്നതിന് പഴയ കുന്നുമ്മൽ പഞ്ചായത്ത് രണ്ട് വർഷം മുമ്പ് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി രണ്ട് തവണ ടെൻഡർ വിളിച്ചങ്കിലും ആരും കരാർ എടുക്കാൻ തയാറായില്ല. തുടർന്ന് അന്നു മുതൽ ഓരോ തവണയും റോഡ് നന്നാക്കും എന്നും പറയുന്നുണ്ടങ്കിലും ഇപ്പോളും ജനങ്ങൾക്ക് ഈ കുഴികളിൽ കൂടി നടക്കേണ്ട ഗതികേടാണ്.