തിരുവനന്തപുരം: മാസങ്ങളായി പൂട്ടിക്കിടക്കുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറക്കും. മന്ത്രിമാരായ പി. രാജീവ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരിസ്ഥിതി അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കും.

ഫാക്ടറി തുറക്കുന്നതിന് മുന്നോടിയായി കമ്പനി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിൽ മനുഷ്യ വിഭവശേഷി വിനിയോഗം സംബന്ധിച്ച വിശദ വിവരങ്ങളുണ്ടാകും. ഇക്കാര്യത്തിൽ ലേബർ കമ്മിഷണറുമായും തൊഴിലാളി സംഘടനകളുമായും വിശദമായ ചർച്ച നടത്തും. സ്ഥിരം തൊഴിലാളികൾക്ക് തുടക്കം മുതലും അവശേഷിക്കുന്ന തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായും കമ്പനി തൊഴിൽ നൽകും.

യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ഡോ. വാസുകി, ജില്ലാ കളക്ടർ ജെറോമി ജോർജ്, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ദേവിദാസ് .എൻ തുടങ്ങിയവരും വ്യവസായ - തൊഴിൽ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്ലേ ഫാക്ടറിയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ. ജയിൻ, ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം തലവൻ കമലേഷ്, മൈൻസ് വിഭാഗം തലവൻ മനോജ് പിള്ള, എച്ച്.ആർ വിഭാഗം തലവൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.