കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ അനധികൃത നിയമനങ്ങളും വൻ അഴിമതിയും നടക്കുന്നുവെന്ന് ആരോപിച്ചു പഞ്ചായത്ത് കമ്മിറ്റി യോഗം, കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു. രാവിലെ 11ഓടെ പഞ്ചായത്ത് കമ്മിറ്റി യോഗം ആരംഭിക്കുമ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് യോഗം ഒരു മണിക്കൂറോളം തടസപ്പെടുത്തി.കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ഒരു ഡസനോളം വരുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും, റോഡുകൾ ഗതാഗതയോഗ്യമല്ലാതായതും, വഴിവിളക്കുകൾ കത്താത്തതിലും, കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടാത്തതിലും പ്രതിഷേധിച്ചാണ് പഞ്ചായത്തംഗങ്ങൾ ഉപരോധം നടത്തിയത്. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരുമകൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കടയ്ക്കാവൂർ പി.എച്ച്.സിയിൽ നിയമനം നടത്തിയ സംഭവം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യ മേഖലയിലെ വിദഗ്ദ്ധന്റെ സാന്നിദ്ധ്യത്തിൽ പുനഃപരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല കോൺഗ്രസ്‌ മെമ്പർമാർക്ക് ഉറപ്പ് നൽകി. ഈ നിയമനവുമായി ബന്ധപ്പെട്ട കേസ് ഓംബുഡ്സ്മാൻ ഫയലിൽ സ്വീകരിച്ചിരുന്നു.കടയ്ക്കാവൂർ പി.എച്ച്.സിയിൽ ആംബുലൻസ് ഡ്രൈവറെ നിയമിച്ചതിലും ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.പഞ്ചായത്ത് അംഗങ്ങളായ സജികുമാർ, പെരുംകുളം അൻസാർ,ജയന്തി സോമൻ,ലല്ലു കൃഷ്ണൻ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി. ജോഷ്,അനു കടയ്ക്കാവൂർ,സന്തോഷ് കീഴാറ്റിങ്ങൽ,മണി,സുകു,അൻഫാർ എന്നിവർ പങ്കെടുത്തു