തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ കഴിഞ്ഞ 20 വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ വിട്ടയയ്‌ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ആഹ്ളാദത്തിലാണ് കുടുംബം. മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ തടസപ്പെട്ടതോടെ മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മോചനം യാഥാർത്ഥ്യമായത്.
ഭർത്താവിന്റെ മോചനത്തിനായി ഉഷ വർഷങ്ങളായി നടത്തിയ നിയമപോരാട്ടമാണ് ഫലം കണ്ടത്. ശിക്ഷാകാലാവധി അവസാനിച്ചിട്ടും കേസിന്റെ കെടുതികൾ കുടുംബത്തിന് തീർന്നിട്ടില്ല. ചിറയിൻകീഴ് പണ്ടകശാലയ്ക്ക് സമീപത്തെ വീടും വസ്തുക്കളുമെല്ലാം ഇപ്പോഴും അറ്റാച്ച്മെന്റിലാണ്. മണിച്ചൻ പുറത്തിറങ്ങിയശേഷമേ കിടപ്പാടവും വസ്‌തുക്കളും വീണ്ടെടുക്കാനുള്ള നടപടികളെപ്പറ്റി കുടുംബത്തിന് ആലോചിക്കാനാകൂ. കേസും കുടുംബത്തിന്റെ നിത്യചെലവുകളും മക്കളുടെ പഠനവും വിവാഹവുമൊക്കെയായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെട്ട ഉഷയ്ക്കും കുടുംബത്തിനും കുടുംബവക വസ്‌തുക്കൾ ആപത്കാലത്ത് തുണയായില്ല.
മൂത്തമകൻ പ്രവീണിന്റെ ബി.ബി.എ പഠനകാലത്താണ് മണിച്ചൻ കേസിൽ ശിക്ഷിക്കപ്പെട്ട് അകത്തായത്. അതോടെ, ബംഗളൂരുവിലെ പഠനം മതിയാക്കി പ്രവീൺ നാട്ടിലെത്തി. പത്താം ക്ളാസിൽ സഹോദരിയുടെ പഠനവും അവസാനിച്ചു. മദ്യദുരന്തക്കേസിലെ പ്രതിയുടെ മകളെന്ന പേരുദോഷം വിവാഹത്തിനും തടസമായി. ആദ്യവിവാഹം തെറ്റിപ്പിരിഞ്ഞ മകളുടെ രണ്ടാം വിവാഹത്തിനാണ് വർഷങ്ങൾക്കുശേഷം മണിച്ചൻ 15 ദിവസത്തെ പരോളിലെത്തിയത്. മക്കൾ പ്രായപൂർത്തിയാകുംവരെ ഇരട്ടക്കലുങ്കിന് സമീപത്തെ ബന്ധുവീട്ടിലാണ് ഉഷ കഴിഞ്ഞത്.
പ്രവീൺ ഇടയ്ക്ക് വിദേശത്തേക്ക് പോയെങ്കിലും പ്രയോജനമുണ്ടായില്ല. മകളുടെ വിവാഹശേഷം ജയിലിലേക്ക് മടങ്ങിയ മണിച്ചൻ കൊവിഡു കാലത്ത് രണ്ടുവർഷത്തോളം വീട്ടിലുണ്ടായിരുന്നു. നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ അറിയപ്പെടുന്ന കർഷകനായ മണിച്ചൻ കൊവിഡുകാല പരോളിൽ വീട്ടിലും നല്ല കർഷകനായി. പരോൾ അവസാനിച്ചപ്പോഴാണ് തിരികെ മടങ്ങിയത്. ജയിലിൽ നിന്ന് മടങ്ങിയെത്തുന്ന മണിച്ചനെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണമെന്ന ഏക അപേക്ഷ മാത്രമാണ് സമൂഹത്തോട് കുടുംബത്തിനുള്ളത്.
മോചനത്തിൽ
സന്തോഷം: ഉഷ
ചിറയിൻകീഴ്: ദൈവത്തിനും കോടതിക്കും നന്ദി, 22 വർഷം ജയിലിൽ കഴിഞ്ഞയാളിന് മോചനം കിട്ടിയില്ലേ.. അതിന്റെ വലിയ സന്തോഷം.. കൂടുതലൊന്നും ഇപ്പോൾ പറയാനില്ല. എന്തായാലും അണ്ണൻ (മണിച്ചൻ) വരട്ടെ. മണിച്ചന്റെ മോചന വാർത്തയെക്കുറിച്ച് ഭാര്യ ഉഷയുടെ പ്രതികരണമാണിത്. രാവിലെ മുതൽ കോടതി വിധി എന്താകുമെന്ന ആകാംക്ഷയിലായിരുന്നു. 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വ്യവസ്ഥകൾ ഒഴിവായി മോചനം ലഭിച്ചതിൽ പൂർണ സന്തോഷമുണ്ട്. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് കുടുംബാംഗം പറഞ്ഞു. നിലവിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന മണിച്ചന് കോടതിവിധിയുടെ ഉത്തരവ് ജയിലിലെത്തിയാൽ ഉടൻ പുറത്തിറങ്ങാനാവും. മണിച്ചന്റെ ഭാര്യ ഉഷ സഹോദരിയായ അമ്പിളിയുടെ കൂടെയാണ് താമസം.