തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച മാരിടൈം കസ്റ്റംസ് ആൻഡ് ലോജിസ്റ്റിക് ലായേഴ്സ് അസോസിയേഷന്റെ (എം-ക്ലാറ്റ്) രണ്ടാം വാർഷികാഘോഷവും മാരിടൈം ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടുത്തവർഷം അവസാനത്തോടെ തുറമുഖത്തുനിന്നുള്ള കപ്പൽ ഗതാഗതം ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തുറമുഖ നിർമ്മാണത്തിൽ ഇപ്പോൾ തിരിച്ചടികളുണ്ടായിട്ടുണ്ട്. അത് താത്കാലികമാണെന്ന് എല്ലാവർക്കുമറിയാം. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ രാജ്യാന്തര കവാടമായി കേരളം മാറും. തുറമുഖം പൂർത്തിയാകുന്നതോടെ കണ്ണൂർ അഴീക്കലിൽ 3000 കോടി രൂപ മുതൽ മുടക്കുള്ള ചെറുകിട തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. അടുത്ത വർഷം ആദ്യത്തോടെ തറക്കല്ലിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

മാരിടൈം, കസ്റ്റംസ്, ഇന്റർനാഷണൽ ട്രേഡ് രംഗങ്ങളിൽ വിവിധ കോഴ്സുകൾ തുടങ്ങുതിന് എംക്ലാറ്റ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് ചടങ്ങിൽവച്ച് മന്ത്രിക്ക് കൈമാറി. റിപ്പോർട്ട് പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എംക്ലാറ്റ് സെക്രട്ടറി അഡ്വ.കെ.ജെ. തോമസ് കല്ലംമ്പള്ളി രചിച്ച 'കടലും കപ്പലും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയ്‌ക്ക് നൽകി മന്ത്രി നിർവഹിച്ചു.

എംക്ലാറ്റ് പ്രസിഡന്റ് അഡ്വ. പരവൂർ ശശിധരൻപിള്ള അദ്ധ്യക്ഷനായി. തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റും കേരള ബാർ കൗൺസിൽ വൈസ് പ്രസിഡന്റുമായ അഡ്വ. ആനയറ ഷാജി, എംക്ലാറ്റ് സെക്രട്ടറി അഡ്വ.കെ.ജെ. തോമസ് കല്ലംമ്പള്ളി, ജോയിന്റ് സെക്രട്ടറി അഡ്വ. വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.