ഉദിയൻകുളങ്ങര: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടയിൽ തടയാനെത്തിയ വെള്ളറട പൊലീസിനെ മർദ്ദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. സംഭവത്തിൽ ഒന്നാം പ്രതിയായ കാരക്കോണം കിഴക്കിൻകര വീട്ടിൽ സോജനാണ് (30) പിടിയിലായത്. പാലിയോട് കാവിൽ റോഡരികത്ത് വീട്ടിൽ വൈശാഖ് (20), ധനുവച്ചപുരം സ്വദേശി അനൂപ് (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. മറ്റുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സെപ്തംബർ 11നാണ് വെള്ളറട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാർ, ഡ്രൈവർ അരുൺ എന്നിവർക്ക് മർദ്ദനമേറ്റത്.
ഇവരെ ചവിട്ടുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായാണ് കേസ്. ചേരിതിരിഞ്ഞ് അക്രമം നടത്തിയ സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിലാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്.
സർക്കിൾ ഇൻസ്‌പെക്ടർ മൃദുൽകുമാർ, സബ് ഇൻസ്പക്ടർ ആന്റണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടിയിലായ മുഖ്യപ്രതിയെ കാരക്കോണത്ത് തെളിവെടുപ്പിനെത്തിച്ചു.