തിരുവനന്തപുരം: എംപ്ലോയർ സർവീസ് മേഖലയിലെ പ്രമുഖ യു.എസ് കമ്പനിയായ വെൻഷ്വർ കേരളത്തിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഇൻവെസ്റ്റർ" പരിപാടിയുടെ ധാരണപ്രകാരം വെൻഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. കിൻഫ്രാ പാർക്കിലെ വെൻഷ്വർ ഓഫീസിലെത്തിയ മന്ത്രി പി.രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ.മുഹമ്മദ് ഹനീഷ് എന്നിവരെ വെൻഷ്വർ സി.ഇ.ഒ അലക്സ് കൊമ്പോസ്, ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ലോകത്തെ പ്രമുഖ പ്രൊഫഷണൽ എംപ്ലോയർ ഓർഗനൈസേഷൻ ആയ വെൻഷ്വറിനു ഒരുലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണ് ഉള്ളത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കാവശ്യമായ മാനവശേഷി, പേ റോൾ, റിസ്‌ക് മാനേജ്‌മെന്റ്, ജീവനക്കാർക്കായുള്ള വിവിധ ക്ഷേമ പദ്ധതികൾ എന്നീ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് വെൻഷ്വർ. ഇന്ത്യയിലെ പ്രധാന പ്രവർത്തന കേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെൻഷ്വർ ശ്രമിക്കുന്നത്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സ്വാഗതാർഹമാണെന്നും ഇത്തരം സ്ഥാപനങ്ങൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.