
തിരുവനന്തപുരം: കുടിവെള്ള കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ വാട്ടർ അതോറിട്ടി ജീവനക്കാരനെ വീട്ടുകാർ ആക്രമിച്ചതായി പരാതി. വാട്ടർ അതോറിട്ടി തിരുമല സെക്ഷനിലെ ഫിറ്റർ നെട്ടയം മണികണ്‌ഠേശ്വരം സ്വസ്തികയിൽ വി.വിവേക് ചന്ദ്രനാണ് (30) മർദ്ദനമേറ്റത്. കാലിന് ഒടിവ് പറ്റിയ വിവേകിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30ന് റിവർ വാല്യു ഗാർഡനിൽ സുശീലയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വിവേക് പറഞ്ഞു. ആറ് മാസത്തെ കുടിശിക ഇനത്തിൽ 4000 രൂപയാണ് സുശീല അടയ്ക്കേണ്ടിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കുടിശ്ശിക പിരിച്ചെടുക്കാൻ വാട്ടർ അതോറിട്ടി എം.ഡി നിർദ്ദേശിച്ചിരുന്നു. വീഴ്ച വരുത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് വിവേക് സുശീലയുടെ വീട്ടിലെത്തിയത്. അതേസമയം, ജീവനക്കാരാണ് തങ്ങളെ ആക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്. ഇരുപരാതികളേയും കുറിച്ച് അന്വേഷിച്ചു വരുന്നതായി വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.