
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫ നജീബിനുമെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി. അശ്രദ്ധ കൊണ്ട് ഉണ്ടായ അപകട മരണമാണിതെന്നാണ് കോടതി നിഗമനം.
ഇരു പ്രതികളുടെയും വിടുതൽ ഹർജികൾ ഭാഗികമായി അനുവദിച്ചാണ് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാറിന്റെ ഉത്തരവ്. കുറഞ്ഞ ശിക്ഷ കിട്ടാവുന്ന കേസെന്ന് വിലയിരുത്തി മജിസ്ട്രേട്ട് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികൾക്കെതിരെ നരഹത്യാക്കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിന് പരമാവധി ശിക്ഷ ജീവപര്യന്തം കഠിന തടവാണ്. നരഹത്യാക്കുറ്റം ഒഴിവാക്കിയതിനാൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പരമാവധി രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമേ നിലനിൽക്കൂ. അടുത്തമാസം 20ന് പ്രതികൾ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്നാം കോടതിയിൽ ഹാജരാകണം.
ശ്രീറാമിനെതിരെ അശ്രദ്ധകൊണ്ട് മരണം സംഭവിക്കുക, അശ്രദ്ധമായും അലക്ഷ്യമായും ഓഹനം ഓടിച്ച് അപകടം ഉണ്ടാക്കൽ, മോട്ടോർ വാഹന നിയമത്തിലെ അലക്ഷ്യമായി വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണുള്ളത്. വഫയ്‌ക്കെതിരെ വാഹനം അമിത വേഗത്തിൽ ഓടിക്കാൻ പ്രേരണ നൽകിയെന്ന കുറ്റവും.
ബഷീറിനെ മുൻ പരിചയമില്ലാത്തതിനാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ശ്രീറാം വാഹനം ഓടിച്ചതെന്നും ബഷീറിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനുളള പൊലീസിന്റെ ശ്രമങ്ങൾക്ക് ശ്രീറാം സഹായിച്ചെന്നും ഉത്തരവിൽ പറയുന്നു. അപകട സ്ഥലത്തു നിന്ന് ഒളിച്ചോടാൻ ഇയാൾ ശ്രമിച്ചതുമില്ല.
ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ശാസ്തമംഗലം ആർ. ജയകൃഷ്ണനും വഫയ്ക്കുവേണ്ടി സുരേഷ്സോമനും ഹാജരായി.
രക്തപരിശോധന നടത്താത്തത്
പൊലീസിന്റെ വീഴ്ച
ശ്രീറാമിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത് പൊലീസാണ്. മദ്യത്തിന്റെ മണമുണ്ടായിട്ടും ഒരു നടപടിയിലേക്കും പൊലീസ് കടന്നില്ല. രക്ത പരിശോധനാ സാമ്പിൾ എടുക്കുന്നതിനെ ശ്രീറാം തടസപ്പെടുത്തിയതായി സാക്ഷി മൊഴികളില്ല. രക്തം പരിശോധനയ്ക്ക് എടുക്കാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും അതിന് ശ്രീറാമിനെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി പറഞ്ഞു.