തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് മുന്നൊരുക്കം നടത്താൻ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.നവംബർ 11 മുതൽ 20 വരെ നടക്കുന്ന തിരുനാൾ പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. കൊവിഡ് നിയന്ത്രണം മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരെത്താൻ സാദ്ധ്യതയുള്ളതിനാൽ അത് മുന്നിൽക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷയ്ക്കും പൊലീസ് പ്രത്യേക പദ്ധതികൾ തയ്യാറാക്കി.തിരുനാൾ ദിവസങ്ങളിൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കാൻ എക്‌സൈസ് വകുപ്പ് പ്രത്യേക പരിശോധന നടത്തും.തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും.ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും.റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കലും അടിയന്തരമായി പൂർത്തിയാക്കും.ഉത്സവപ്രദേശത്തെ ശുചീകരണം നഗരസഭയുടെ നേതൃത്വത്തിൽ നടത്തും. ഗതാഗതം തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടത്തിനും കടൽത്തീരത്തെ കച്ചവടത്തിനും നിരോധനം ഉണ്ടാകും.ഉത്സവപ്രദേശങ്ങളിൽ യാചക നിരോധനം ഉറപ്പുവരുത്തും. നഗരസഭാ കൗൺസിലർമാരായ സെറാഫിൻ ഫ്രെഡി,ക്ലൈനസ് റൊസാരിയോ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഡി.ആർ.അനിൽ,ജമീല ശ്രീധരൻ,കളക്ടർ ജെറോമിക് ജോർജ്,സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്. ജെ,ഇടവക വികാരി ഡോ.ജോർജ്.ജെ.ഗോമസ്, ഇടവക സെക്രട്ടറി ഷാജി ഡിക്രൂസ്,വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.