തിരുവനന്തപുരം: ലോറിയിലെത്തിച്ച ടൈലുകൾ ഇറക്കുന്നത് ചുമട്ടുതൊഴിലാളികൾ തടസപ്പെടുത്തിയതിനെ തുടർന്ന് പൗഡിക്കോണം സ്വദേശി ബീന ലോഡിറക്കിയെന്ന പരാതിയിൽ കഴക്കൂട്ടം അസി.ലേബർ ഓഫീസർ സ്ഥലത്തുണ്ടായിരുന്ന പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

ഗാർഹികാവശ്യത്തിനുള്ള കയറ്റിറക്ക് ജോലിക്ക് വീട്ടുടമയ്‌ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാമെന്ന നോക്കുകൂലി നിരോധന നിയമത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നാണ് കണ്ടെത്തൽ. അസി.ലേബർ ഓഫീസർ റിപ്പോർട്ട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ട്. പൗഡിക്കോണം ബഥേൽ ഭവനിൽ ദിവ്യയുടെ വീടുപണിക്കായി സഹോദരൻ ബിനുവും അദ്ദേഹത്തിന്റെ ഭാര്യ രജനിയുമാണ് തറയോട് പായ്‌ക്കറ്റുകൾ മിനിലോറിയിലെത്തിച്ചത്. ഇരുവരും ചേർന്ന് ലോഡ് ഇറക്കാൻ തുടങ്ങുമ്പോഴാണ് ചുമട്ടുതൊഴിലാളികൾ തടസവുമായി രംഗത്തെത്തിയത്.

ഉപദ്രവിക്കരുത്, വീടുപണി

പൂർത്തിയാക്കട്ടെ

തിരുവനന്തപുരം: കടം വാങ്ങിയും കഷ്ടപ്പെട്ടും നിർമ്മിക്കുന്ന കിടപ്പാടമാണ്... ഇതൊന്ന് പൂർത്തിയാക്കിക്കോട്ടെ. പൗഡിക്കോണത്തെ ചുമട്ടുകൂലി തർക്കത്തിൽ പരാതിക്കാരിയായ ദിവ്യ പറയുന്നു. താൻ കള്ളം പറയുന്നുവെന്ന് ഇന്നലെയും തൊഴിലാളികൾ പറഞ്ഞു. അത് വാസ്‌തവമല്ല,​ താൻ ഏറെ ബുദ്ധിമുട്ടിയാണ് 60 പായ്ക്കറ്റ് ടൈലുകൾ ഇറക്കിയത്. സഹോദരനെയോ അദ്ദേഹത്തിന്റെ ഭാര്യയെയോ അതൊന്ന് തൊടാൻ പോലും തൊഴിലാളികൾ അനുവദിച്ചില്ലെന്നും അവർ വ്യക്തമാക്കി. ഇനി ആരെങ്കിലും ശല്യപ്പെടുത്താനെത്തിയാൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തന്നെ ആരും സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലോഡ് മുഴുവൻ ഇറക്കി കഴിഞ്ഞശേഷമാണ് ചുമട്ടുതൊഴിലാളികൾ അവിടെ നിന്ന് പോയതെന്നും ദിവ്യ പറഞ്ഞു.