
തിരുവനന്തപുരം: സർക്കാരുമായി കട്ടക്കലിപ്പിൽ നിൽക്കുന്ന ഗവർണർ, കേരളയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി സ്വയം വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും അസാധാരണ നടപടിയിലേക്ക് കടന്നത് രണ്ടു കല്പിച്ചാണെന്നതിന്റെ വിളംബരമായി.
സെനറ്റ് യോഗത്തിൽ ക്വാറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച 15 നോമിനേറ്റഡ് അംഗങ്ങളെ ഒരുമിച്ച് പിൻവലിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ അസാധാരണ നീക്കം. ഈ നടപടി ഉത്തരവായി ഇറക്കണമെന്ന നിർദ്ദേശം വി.സി തള്ളിയതിനു പിന്നാലെ ഇന്നലെ പുറത്താക്കി ഗവർണർ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. സർവകലാശാലയെയും മറ്റ് അംഗങ്ങളെയും രാജ്ഭവൻ ഇക്കാര്യമറിയിക്കുകയും ചെയ്തു.
താൻ പിൻവലിച്ചവരെ പുറത്താക്കി ഇന്നലെത്തന്നെ ഉത്തരവിറക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ വി.സി, ഡോ.വി.പി.മഹാദേവൻ പിള്ള, നടപടിക്ക് വിധേയരായവരെയും നവംബർ നാലിലെ സെനറ്റ് യോഗത്തിന് ക്ഷണിച്ച് വെല്ലുവിളിച്ചതാണ് പ്രകോപനത്തിന് കാരണം.
ചുമതല മറ്റാർക്കും കൈമാറാതെ വി.സി ശബരിമലയിൽ പോയതിനാൽ ഗവർണറുടെ നിർദ്ദേശം പാലിക്കാനാവില്ലെന്ന് ഇന്നലെ രജിസ്ട്രാർ രാജ്ഭവനെ അറിയിക്കുകയായിരുന്നു. അംഗങ്ങളെ പിൻവലിച്ചത് നിയമപരമല്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് വി.സി അറിയിച്ചപ്പോൾ ഉത്തരവിറക്കാൻ 24 മണിക്കൂർ സമയം നൽകുകയായിരുന്നു ഗവർണർ.
ഗസറ്റ് വിജ്ഞാപനമിറക്കിയതോടെ പുറത്താക്കൽ നിയമപരമായി. ഇവർക്ക് അടുത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാനാവില്ല. ജി.മുരളീധരൻ പിള്ളയ്ക്കും ബി.ബാലചന്ദ്രനും സിൻഡിക്കേറ്റംഗത്വവും നഷ്ടമായി. സി.പി.എമ്മിന്റെ രണ്ടംഗങ്ങൾ ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യുമെന്ന പ്രതീക്ഷയിൽ ഉത്തരവിറക്കേണ്ടെന്ന് വി.സിയോട് സർക്കാരും നിർദ്ദേശിച്ചു. ഇതിനിടയിലാണ് ഗവർണറുടെ കടുംവെട്ട്.
നാഗ്പൂർ സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഗവർണർ നിർദ്ദേശിച്ചത്. വിജ്ഞാപനം ഉടൻ തയ്യാറാക്കി ഗവ. പ്രസിലേക്ക് അയച്ചു. വൈകിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.
പതിവിന് വിപരീതം
* സർവകലാശാലാ വിഷയങ്ങളിൽ ഗവർണറുടെ തീരുമാനങ്ങൾ വി.സിമാരും രജിസ്ട്രാർമാരുമാണ് ഉത്തരവായി ഇറക്കാറുള്ളത്
* ഗവർണർക്കായി പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കുന്ന ഉത്തരവ് പിന്നീടെപ്പോഴെങ്കിലും ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയായിരുന്നു പതിവ്
വി.സിയെ സസ്പെൻഡ് ചെയ്തേക്കും
ഡോ. മഹാദേവൻ പിള്ളയ്ക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. ചുമതലയിൽ വീഴ്ച വരുത്തിയതിന് വി.സിയെ സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമുണ്ട്. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വി.സിയെയും പി.വി.സിയെയും ചുമതലയിൽ നിന്ന് നീക്കാം. സസ്പെൻഡ് ചെയ്ത് വി.സിയുടെ ചുമതല പി.വി.സിക്കോ സീനിയർ പ്രൊഫസർക്കോ മറ്റേതെങ്കിലും വി.സിമാർക്കോ ഉന്നതവിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറിക്കോ കൈമാറാം. ഈമാസം 24വരെയാണ് വി.സിക്ക് കാലാവധി. ഒരു ദിവസത്തേക്കെങ്കിലും സസ്പെൻഡ് ചെയ്ത് സർക്കാരിന് തിരിച്ചടി നൽകാനാണ് നീക്കം.