1

തിരുവനന്തപുരം: ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിനെയാണ് (35) തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ വാട്ട്സ്ആപ്പ് നമ്പർ വഴി പരിചയപ്പെട്ട ശേഷം ജോലി ആവശ്യത്തിനായി വ്യാജ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. ജോലി സംബന്ധമായി വിവിധ ഉത്പന്നങ്ങൾ വാങ്ങണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പല തവണകളായി നാല് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
ജോലി ലഭിക്കാതായതോടെ യുവതി പൊലീസിൽ പരാതി നൽകി. തുടർന്ന് സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പക്കൽ നിന്ന് പണം കൈമാറ്റിയ ബാങ്ക് അക്കൗണ്ടുകൾ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്നും, അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ മൂന്ന് ലക്ഷത്തോളം രൂപ മുഹമ്മദ് സോജിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.
ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ ഈ അക്കൗണ്ടിലൂടെ നാല് കോടിയോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. അന്വേഷണത്തിൽ കൂടുതൽ പേർക്ക് ഈ തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജ്ജൻ കുമാറിന്റെ നിർദേശപ്രകാരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.സി.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ കുമാർ, ഷിബു, സി.പി.ഒ വിപിൻ ഭാസ്‌കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.