tourist-bus

തിരുവനന്തപുരം: വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ പഠനയാത്ര സംഘടിപ്പിക്കാൻ സ്‌കൂളുകൾക്കുള്ള മാർഗനിർദേശങ്ങൾ കൂടുതൽ കർക്കശമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. പഠനയാത്രകൾക്ക് ഉപയോഗിക്കേണ്ട വാഹനങ്ങൾ സംബന്ധിച്ച മാർഗരേഖ വ്യക്തമാക്കിയിട്ടുള്ള സർക്കുലറിൽ രാത്രി 10ന് ശേഷവും പുലർച്ചെ 5ന് മുൻപുമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നതുൾപ്പടെ 27 ഇന നിർദേശങ്ങളാണുള്ളത്.

ഗതാഗതവകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ.പഠനയാത്രകളിൽ സർക്കാരിന്റെ അംഗീകൃത ടൂർഓപ്പറേറ്റർമാരെ നിയോഗിക്കണം. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർഓപ്പറേറ്റർമാരുടെ പട്ടിക ടൂറിസംവകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ പാലിച്ചായിരിക്കണം യാത്ര.വാഹനങ്ങളുടെ ഫിറ്റ്നസ്,രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്,ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകൾ യാത്ര പുറപ്പെടുന്നതിനു മുമ്പ് സ്‌കൂൾ അധികൃതർ പരിശോധിച്ചുറപ്പാക്കണം. ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികളുണ്ടെങ്കിൽ യാത്രയ്ക്കു ശേഷം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ അറിയിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.


മറ്റു നിർദേശങ്ങൾ:

1.സ്‌കൂൾ മേലധികാരിയുടെ പൂർണനിയന്ത്രണത്തിൽ കൺവീനറുടെ ചുമതലയിൽ ഒരു അദ്ധ്യാപക പഠനയാത്രകൾ സംഘടിപ്പിക്കണം.സ്‌കൂൾ പാർലമെന്റിൽ നിന്നും തിരഞ്ഞെടുത്ത ഒരു വിദ്യാർഥി കൺവീനറും രണ്ട് അദ്ധ്യാപക പ്രതിനിധികളും ഒരു പി.ടി.എ പ്രതിനിധിയും ഉൾപ്പെട്ട ടൂർകമ്മിറ്റി രൂപവത്കരിക്കണം.


2. സ്ഥലം,യാത്രാപരിപാടികൾ,താമസം,ചെലവ് തുടങ്ങിയവ സംബന്ധിച്ച വിശദമായ രൂപരേഖ ടൂർകമ്മിറ്റി തയ്യാറാക്കി സ്‌കൂൾ പി.ടി.എ ചർച്ച ചെയ്തു തീരുമാനിക്കണം.ഓരോ ദിവസവും സന്ദർശിക്കുന്ന സ്ഥലം,പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നീ വിവരങ്ങൾ സ്‌കൂളിനും വിദ്യാഭ്യാസ വകുപ്പിനും സമർപ്പിക്കണം.


3.യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്ന് വിവരങ്ങളും തയ്യാറെടുപ്പുകളും വിവരിക്കണം.


4.ഒരു അക്കാദമിക വർഷം ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നു ദിവസങ്ങൾ മാത്രമേ പഠനയാത്രയ്ക്കായി ഉപയോഗിക്കാവൂ.തുടർച്ചയായ മൂന്നു ദിവസമാണെങ്കിൽ സ്‌കൂൾ പ്രവൃത്തിദിനമല്ലാത്ത ദിവസം കൂടിചേർത്തു യാത്ര ക്രമീകരിക്കണം.


5.വിദ്യാഭ്യാസ പ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും പഠനയാത്രയ്ക്കു തിരഞ്ഞെടുക്കണം.


6.ജലയാത്ര,വനയാത്ര,വന്യമൃഗസങ്കേതങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിച്ച്,സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കി മാർഗനിർദേശം കർശനമായി പാലിക്കണം.


7.രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.


8.യാത്ര പുറപ്പെടുന്നതിനു മുൻപ് സ്‌കൂൾ ഉൾപ്പെട്ടപ്രദേശത്തെ പൊലീസ് സ്‌റ്റേഷനിൽ സമഗ്ര റിപ്പോർട്ട് നൽകണം.


9.യാത്രാസംഘത്തിലെ അദ്ധ്യാപകവിദ്യാർഥി അനുപാതം 1:15 എന്നായിരിക്കണം.


10.പ്രധാന അദ്ധ്യാപകനോ സീനിയർ അദ്ധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കണം.