
നാഗർകോവിൽ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രായമായ സ്ത്രീകളെ സമീപിച്ച് അവരുടെ ശ്രദ്ധതിരിച്ചുവിട്ട് ആഭരണങ്ങൾ തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റുചെയ്തു. മധുര, എല്ലിസ്‌നഗർ സ്വദേശി പരമശിവത്തിന്റെ മകൻ ചിത്രവേൽ (40), ഭാര്യ പാർവതി (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 10 പവൻ കണ്ടെടുത്തു. വാർദ്ധക്യ പെൻഷനും വായ്പയും വാങ്ങിത്തരാമെന്നുപറഞ്ഞ് സ്ത്രീകളെ സമീപിച്ച് അവരുടെ ശ്രദ്ധതിരിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന സംഭവമുണ്ടായിരുന്നു. ഇതിനെതിരെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടത്തവേയാണ് ദമ്പതികൾ മധുരയിൽവച്ച് പിടിയിലായത്. ഇവർക്കെതിരെ ചെന്നൈ, പോണ്ടിച്ചേരി,കടലൂർ, ധർമ്മപുരി, കന്യാകുമാരി എന്നിവിടങ്ങളിൽ ഇരുപതോളം കേസുള്ളതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്.ഐ മഹേശ്വര രാജ്, രാജ് കുമാർ, സാം എഡിസൺ,വിജു എന്നിവരായിരുന്നു പ്രത്യേക സ്ക്വാഡിൽ.