mannidichil

വിതുര: കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കനത്തമഴയെതുടർന്ന് തൊളിക്കോട് മാങ്കോട്ടുകോണം ഭാഗങ്ങളിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ അപകടാവസ്ഥയിലായത്. തൊളിക്കോട് സ്കൂൾ ബസ് സ്റ്റോപ്പിന് എതിർവശത്ത് താമസിക്കുന്ന ദാറുൽ സലാമിൽ ഷംസുദീന്റെ ആടുകൾ മണ്ണിനടിയിൽപ്പെട്ട് ചത്തതും കഴിഞ്ഞ ദിവസമാണ്. പൊന്മുടി-പഴകുറ്റി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകളും കലുങ്കുകളും നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉയർന്ന ഭാഗങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് പുറമ്പോക്ക് ഭൂമി ഇടിച്ചു നീക്കുന്നതാണ് വീടുകൾക്ക് ഭീഷണി ഉയർത്തുന്നത്. മഴയിൽ വ്യാപകമായി മണ്ണിടിച്ചിൽ കൂടി ഉണ്ടായതോടെ വീടുകളിൽ മനസമാധാനത്തോടെ അന്തിയുറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് സ്ഥലവാസികൾ. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നും, റോഡരിക് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തുമ്പോൾ വീടുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വീടുകൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ നിർമ്മാണ ജോലികൾ നടത്തുകയുളൂവെന്ന് കെ.എസ് ടി.പി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തൊളിക്കോട് മാങ്കോട്ടുകോണം മേഖലയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്ന് കരാറുകാരനും ജില്ലാ സെക്രട്ടറിക്ക് ഉറപ്പ് നൽകി.

സുരക്ഷ ഉറപ്പാക്കും

സുരക്ഷാ ഭീഷണിയെ തുടർന്ന് അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ജനരോഷം വ്യാപകമായിരുന്നു. ഇതിനെതുടർന്ന് തൊളിക്കോട് എത്തിയ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മണ്ണിടിച്ചിൽ മൂലം അപകടാവസ്ഥയിലായ വീടുകൾ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. കെ.എസ്.ടി.പി, റവന്യു, പി.ഡബ്ലി.യു.ഡി, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കരാറുകാരുമായി ആശയവിനിമയം നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ റീട്ടെയിൻ വാൾ നിർമ്മിച്ച് വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് കരാർ കമ്പനി ഉടമ അറിയിച്ചു.

നിർദ്ദേശം നൽകി

പൊന്മുടി - പഴകുറ്റി റോഡിൽ 39 കി.മീറ്റർ ഭാഗം അത്യാധുനിക രീതിയിൽ പുനരുദ്ധരിക്കാൻ 160 കോടി രൂപയാണ് ചെലവിടുന്നത്. 2021 ഡിസംബറിൽ ആരംഭിച്ച നിർമ്മാണ ജോലികൾ 2023 ഡിസംബറിൽ പൂർത്തീകരിക്കാനാണ് ധാരണ. നിർമ്മാണ കാലയളവിലുണ്ടാകുന്ന നാശനഷ്ടങ്ങൾ അന്വേഷിച്ച് നഷ്ടപരിഹാരം നൽകാനും കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതേസമയം, നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല സംബന്ധിച്ച് കെ.എസ്.ടി.പിയും പിഡബ്ള്യുഡിയും തമ്മിൽ തർക്കത്തിലാണെന്ന് ആക്ഷേപമുണ്ട്. നിർമ്മാണ ജോലികളെയും നഷ്ടപരിഹാര വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കുകയാണെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.