
തലൈവിക്കും എമർജൻസിക്കും ശേഷം അടുത്ത ബയോപിക്കുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. നോട്ടി ബിനോദിനി എന്നറിയപ്പെടുന്ന ബംഗാളി നാടക ഇതിഹാസം ബിനോദിനി ദാസിയുടെ ജീവിതം പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ ബിനോദിനി ദാസിയായാണ് കങ്കണ എത്തുന്നത്. കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ കുടുംബത്തിൽ ജനിച്ച ബിനോദിനി 19-ാം നൂറ്റാണ്ടിലെ ബംഗാളിലെ ഏറ്റവും പ്രശസ്തയായ നടിയായിരുന്നു.പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രകാശ് കപോഡിയ രചന നിർവഹിക്കും. കങ്കണയുടെ നാലാമത്തെ ബയോപിക് ആണിത്. മണികർണിക: ദി ക്വീൻ ഒഫ് ഝാൻസി, തലൈവി, എമർജൻസി എന്നിവയാണ് ബയോപിക്കുകൾ.