klop

ഉദിയൻകുളങ്ങര: അതിർത്തി പ്രദേശത്ത് സ്കൂൾ സമയങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കുന്നു. ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന പാറശാല, വെള്ളറട, നെയ്യാറ്റിൻകര, പൂവാർ പ്രദേശങ്ങളിൽ ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. അഞ്ചോളം സ്കൂളുകളിലെ വിദ്യാർത്ഥികൾ ബസിനായി ആശ്രയിക്കുന്നത് പാറശാല ജംഗ്ഷനെയാണ്. വൈകിട്ട് സ്കൂളുകൾ വിടുന്നതോടെ പാറശാല പോസ്റ്റാഫീസ് ജംഗ്ഷൻ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് നിറയും. ഇവിടെ മഴയും വെയിലും ഏറ്റുവേണം വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ബസിന് കാത്തുനിൽക്കാൻ. ഒരു വെയിറ്റിംഗ് ഷേഡ് പോലും ഇല്ലാത്തത് യാത്രക്കാരെ വർഷങ്ങളായി വലയ്ക്കുകയുമാണ്. റോഡ് വശങ്ങളിലെ അനധികൃത പാർക്കിംഗ് കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബസ് കാത്തു നിൽക്കുവാൻ റോഡിൽ ഇറങ്ങിനിൽക്കണം. ഇത് അപകടഭീതി വർദ്ധിപ്പിക്കുന്നു.

അപകടം ഈ യാത്ര

പാറശാലയിൽ നിന്ന് നെയ്യാറ്റിൻകര, വെള്ളറട, പൂവാർ മേഖലയിലേക്കാണ് കുടുതൽ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നുണ്ട്. കരമന-കളിയിക്കാവിള പാതയിൽ ഈ സമയങ്ങളിൽ കുട്ടികളുടെ കൺസെക്ഷൻ അനുവദിക്കാത്ത സർവീസുകളാണ് അധികമുള്ളതെന്നും രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപിക്കുന്നു. സ്കൂൾ വിട്ട് പാറശാല ജംഗ്ഷനിൽ നാലു മണിക്ക് എത്തുന്ന വിദ്യാർത്ഥികൾ വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ്. സ്കൂൾ സമയത്ത് ബസുകൾ കുറവായതിനാൽ എത്തുന്ന ബസുകളിൽ പരമാവധി വിദ്യാർത്ഥികൾ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യേണ്ടി വന്ന വിദ്യാർത്ഥിയാണ് അമരവിളയിൽ ബസ് യാത്രക്കിടെ ഫുഡ് ബോർഡിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചു വീണത്. അമരവിളയിലും വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.

നടപടി മാത്രമില്ല

പാറശാല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കുത്തി നിറച്ച് വരുന്ന ബസുകളിൽ ബക്കിയുള്ള സ്ഥലങ്ങളിൽ നിന്നും കയറി പറ്റുക എന്നത് ഏറെ ശ്രമകരമായ കാര്യവുമാണ്. പലപ്പോഴും മണിക്കൂറുകൾ കാത്തു നിന്ന ശേഷം മാത്രമാണ് വിദ്യാർത്ഥികൾക്ക് ബസിൽ തന്നെ കയറുവാൻ കഴിയുന്നത്. സ്കൂൾ സമയങ്ങളിൽ കുടുതൽ ബസ് സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് പാറശാല ഹയർ സെക്കൻഡറി സ്കൂൾ അധികൃതരും മറ്റ് സ്കൂൾ അധികൃതരും നാട്ടുക്കാരും പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ തയാറാക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.