vegetables

തിരുവനന്തപുരം: സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് അരിയുടെയും പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും വില കുതിച്ചുയരുന്നു.ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായി വില വർദ്ധിച്ചെങ്കിലും വിപണി ഇടപെടലുകൾ ഫലപ്രദമല്ല.രണ്ടുമാസത്തിനിടെ അരിക്ക് 20-25 രൂപ വരെയാണ് വർദ്ധിച്ചത്.38 രൂപയായിരുന്ന ജയ,മട്ട അരിക്ക് ഇപ്പോൾ 57-59 രൂപയാണ് വില.37 രൂപയായിരുന്ന സുരേഖ അരിക്ക് 9 രൂപ വർദ്ധിച്ച് 46 രൂപയായി.

ആന്ധ്ര,കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതും ജി.എസ്.ടി വർദ്ധനയുമാണ് വില വർദ്ധനയുടെ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.സപ്ലൈകോ മാർക്കറ്റുകളിൽ 25 രൂപയ്‌ക്ക് സബ്‌സിഡി അരി വിൽക്കുന്നുണ്ടെങ്കിലും ഒരു റേഷൻ കാർഡിന് 10 കിലോ മാത്രമേ ലഭിക്കൂ.മാവേലി സ്‌റ്റോറുകളിൽ പലപ്പോഴും സബ്‌സിഡി അരി ലഭിക്കാറില്ല.ഉപഭോഗത്തിന്റെ പത്തു ശതമാനത്തിൽ താഴെ അരി മാത്രമാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്.

പലവ്യഞ്ജനത്തിന്റെ വിലയും കുതിച്ചുയരുകയാണ്.ഉപ്പ്,മുളക്,പയർ,ഉഴുന്ന് എന്നിവയ്‌ക്കൊക്കെ വില വർദ്ധിച്ചിട്ടുണ്ട്.രണ്ടുമാസം മുൻപ് 96 രൂപ ആയിരുന്ന ചെറുപയറിന് ഇപ്പോൾ 110 രൂപയാണ് വില.വറ്റൽ മുളകിന് കിലോയ്‌ക്ക് 320ന് മുകളിലാണ് വില.ഉപ്പിന് കിലോയ്‌ക്ക് 5 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

ഓണവും വിവാഹസീസണുമൊക്കെയായി ചിങ്ങത്തിൽ കുതിച്ചുയർന്ന പച്ചക്കറിവില തുലാമായിട്ടും കുറഞ്ഞിട്ടില്ല.ചില ഇനങ്ങൾക്ക് വിലയിൽ നേരിയ ആശ്വാസം ഉണ്ടെങ്കിലും മറ്റു പലതിനും വൻകുതിപ്പാണ്.വഴുതന,മത്തൻ,വലിയ മുളക്,ഇഞ്ചി,ചേമ്പ്,സവാള,ചെറിയഉള്ളി,കറിവേപ്പില,കാബേജ് എന്നിവയ്ക്കാണ് രണ്ടാഴ്ചയ്ക്കിടെ വില കുതിച്ചുയർന്നത്.പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിച്ചുവെന്ന് കൃഷിവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം പൊതുവിപണിയിൽ ദൃശ്യമല്ല.

വില വർദ്ധിച്ച പച്ചക്കറി ഇനങ്ങൾ

കഴിഞ്ഞ ദിവസത്തെ ഹോർട്ടികോർപ്പ് വില,പൊതുവിപണി വില ക്രമത്തിൽ
(രണ്ടാഴ്ചയ്ക്ക് മുമ്പുള്ള ഹോർട്ടികോർപ്പ് വില ബ്രാക്കറ്റിൽ)

വഴുതന: 64,70-75 (56 )
മത്തൻ: 89,95 -98 (75)
വലിയ മുളക്: 124,130-135 (69)
ഇഞ്ചി: 69,75 -80 (55 )
ചേമ്പ്: 84,90-95 (77 )
സവാള: 35,45 -60 (31 )
ചെറിയഉള്ളി: 80,90-100 (62 )
കറിവേപ്പില: 42,47-50 (36 )
കാബേജ്: 47,50-57 (39 )