valiyachira

മുടപുരം: വലിയചിറ ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമത്തെ അംബേദ്‌കർ ഗ്രാമമായി പ്രഖാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊറാട്ടുവിളാകം മുതൽ ഇരപ്പുപാലം വരെയുള്ള ഈ ഗ്രാമത്തിൽ 200ൽ അധികം കുടുംബങ്ങൾ താമസിക്കുന്നു. ഇതിൽ ബഹുഭൂരിപക്ഷവും പട്ടിക വിഭാഗത്തിൽ പെടുന്നു. ഈ ഗ്രാമത്തിന്റെ വികസനം ആവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം നൽകിയതിനെ തുടർന്ന് വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രതീക്ഷിക്കുന്നതരത്തിൽ വികസനം നടക്കുന്നില്ലെന്നും പരാതിയുണ്ട്. വിനോദത്തിനും കലാ-കായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ഒരു സ്ഥാപനവും ഈ ഗ്രാമത്തിലില്ല.

വിദ്യാർത്ഥികൾക്കും തൊഴിൽ പരിശീലനത്തിനുമായി ഗ്രന്ഥശാല, അംഗനവാടി, കമ്മ്യൂണിറ്റി ഹാൾ, കമ്പൂട്ടർ പരിശീലന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉണ്ട്. 2 മുതൽ 5 സെന്റ്‌ വരെയുള്ള സ്ഥലത്താണ് ഇവർ താമസിക്കുന്നത്. 95 ശതമാനവും പട്ടിക വിഭാഗം ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അംബേദ്‌കർ ഗ്രാമമായി പ്രഖ്യാപിക്കാത്തതിനാൽ അവർക്ക് അവകാശപ്പെട്ട ഫണ്ട് ലഭിക്കുന്നില്ലെന്നാണ് പരാതി. അതിനാൽ വലിയചിറയെ അംബേദ്‌കർ ഗ്രാമമായി പ്രഖ്യാപിക്കുക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.