
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്സ് 2021ലെ ദേശീയ പുരസ്കാരങ്ങൾ കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടിൽ ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പുരസ്കാരം ഏറ്റുവാങ്ങി.കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ,കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്കാരവും സമൂഹ്യാധിഷ്ഠിത പ്രോജക്ടിനുള്ള പുരസ്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്.കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർബൻ) പദ്ധതി നടപ്പിലാക്കുന്നത്.
ദേശീയതലത്തിൽ 150 ദിവസങ്ങളിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി നഗരസഭാതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന സംസ്ഥാനവും കേരളമാണ്.