ss

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ 2021ലെ സാഹിത്യ പുരസ്‌കാരം പെരുമ്പടവം ശ്രീധരനും സാറാ തോമസിനും സമ്മാനിക്കും.മലയാള നോവലിനും ചെറുകഥയ്ക്കും നൽകിയ സമഗ്ര സംഭാവനക്കാണ് പെരുമ്പടവത്തിന് പുരസ്‌കാരം. ഗ്രഹണം എന്ന നോവലാണ് സാറാ തോമസിനെ പുരസ്‌കാരത്തിന് അർഹയാക്കിയത്.പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പന്ന്യൻ രവീന്ദ്രൻ,ഡോ.എം.ആർ. തമ്പാൻ,ഡോ. വിളക്കുട്ടി രാജേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

26ന് രാവിലെ 9:30ന് നന്ദാവനത്തുള്ള സാറാതോമസിന്റെ വസതിയിൽ വച്ച് മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമർപ്പിക്കും.വൈകിട്ട് 5:30ന് വെള്ളയമ്പലം മാനവീയം വീഥിയിൽ നടക്കുന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ സമഗ്ര സംഭാവന പുരസ്‌കാരം പെരുമ്പടവം ശ്രീധരന് മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ.ജി.രാജ്‌മോഹനും മണക്കാട് രാമചന്ദ്രനും,​ഡോ. ശ്രീവത്സൻ നമ്പൂതിരിയും അറിയിച്ചു.