
ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ എരുത്താവൂർ മുതൽ ചപ്പാത്ത്, ബാലരാമപുരം പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിലെ മരണക്കുഴികൾ ജീവന് ഭീഷണിയാകുന്നു. കൊവിഡ് മഹാമാരിക്ക് മുൻപേ തുടങ്ങിയ റോഡിന്റെ പുനരുദ്ധാരണം ഇന്നും പൂർത്തീകരിച്ചട്ടില്ല. സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് കണക്ഷൻ വീടുകളിൽ എത്തിക്കുന്ന ജോലികൾ നടന്നതിനാൽ കഴിഞ്ഞ അഞ്ച് മാസമായി റോഡിന്റെ ടാറിംഗ് ജോലികൾ തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിൽ റോഡ് നിർമ്മാണം എത്രയുംവേഗം തീർക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ആദ്യ കരാറുകാരൻ മരിച്ചതിനെ തുടർന്ന് റീടെൻഡർ വിളിച്ച് പുതിയ കരാറുകാരന് വർക്ക് കൈമാറിയെങ്കിലും രണ്ട് വർഷത്തോളമായി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. ബാലരാമപുരം–കാട്ടാക്കട റോഡിന്റെ പുനഃരുദ്ധാരണത്തിന് നേരത്തെ 8.5 കോടി അനുവദിച്ചിരുന്നു. കാട്ടാക്കട മുതൽ ഊരൂട്ടമ്പലം വരെ റോഡിലെ ടാറിംഗ് പൂർത്തീകരിച്ചെങ്കിലും ബാലരാമപുരം വരെയുള്ള പുനഃരുദ്ധാരണം മന്ദഗതിയിലായിട്ട് ആറ് മാസത്തോളമായി. പണികൾ വൈകിപ്പിക്കുന്ന കരാറുകാരുടെ ലൈസൻസ് റദ്ദാക്കി ഇത്തരക്കാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തരം താഴ്ത്തണമെന്നും നാട്ടുകാർ പ്രതിഷേധമറിയിച്ചിരുന്നു. റോഡിൽ അഗാധമായ കുഴികൾ രൂപപ്പെട്ടിട്ടും സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് കാണുന്നില്ലേയെന്നാണ് ജനം ചോദിക്കുന്നത്. റോഡിലെ കുഴികളടക്കമുള്ള ഫോട്ടോ വകുപ്പ് മന്ത്രിക്ക് വീഡിയോ സഹിതം അയയ്ക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. എത്രയും വേഗം ടാറിംഗ് ആരംഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിവിധ സംഘടനകളും അറിയിച്ചിട്ടുണ്ട്.
ബാലരാമപുരം–കാട്ടാക്കട റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ച തുക - 8.5 കോടി
അപകടക്കെണികൾ
ചപ്പാത്ത് ഭാഗത്ത് അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുന്നതിന് പുറമേ ചാനൽപ്പാലം ജംഗ്ഷൻ, തേമ്പാമുട്ടം, തണ്ണിക്കുഴി ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡുകളിലും കുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ഇതിനിടെ കുഴിയടയ്ക്കൽ നാടകത്തിനായി അധികൃതർ ലക്ഷങ്ങൾ ചെലവിട്ടിരുന്നെങ്കിലും മഴയത്തത് ഒലിച്ചുപോയിരുന്നു. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് പരാതി അറിയിച്ചിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വാട്ടർ അതോറിട്ടി റോഡ് കുഴിച്ച് പൈപ്പ് ഇടുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ ടാറിംഗ് ജോലികൾ ഇനിയും വൈകുമെന്ന സ്ഥിരം പല്ലവി തന്നെയാണ് മരാമത്ത് അധികൃതരുടേത്.
അപകടങ്ങൾ പതിവ്
ബാലരാമപുരം-കാട്ടാക്കട റോഡിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് അടിക്കടി ഉണ്ടാകുന്നത്. കുടുംബവുമായി ഇരുചക്രവാഹനത്തിലെത്തുന്നവരാണ് കുഴികളിൽ തെന്നിവീണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡിലെ അപകടക്കുഴികൾ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വെല്ലുവിളിയായിരിക്കുകയാണ്. മഴയത്ത് രൂപപ്പെടുന്ന കുഴികളിലകപ്പെട്ട് മരണം വരെ സംഭവിച്ചേക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. മൂന്ന് റോഡുകൾ സംഗമിക്കുന്ന ചാനൽപ്പാലം ജംഗ്ഷനിലും അപകടസാദ്ധ്യതയേറെയാണ്.