തിരുവനന്തപുരം: ഭാര്യയെ കഴുത്തിൽ കയർ കുരുക്കി കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്‌നം മാത്രമാണ് കാരണമെന്നതിൽ ഉറച്ച് പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് കമലേശ്വരം വലിയവീട് ലെയിൻ ക്രസന്റ് അപ്പാർട്ട്മെന്റിൽ ഫ്ളാറ്റ് നമ്പർ 123ൽ കമാൽ റാഫി (52), ഭാര്യ തസ്‌നീം (42) എന്നിവർ മരിച്ചത്.
ഭാര്യ തസ്‌നീമിനെ കൊലപ്പെടുത്തിയ ശേഷം റാഫി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കമാലിന്റെ മൃതദേഹം സ്വദേശമായ കുലശേഖരത്തും തസ്‌നീമിന്റെ മൃതദേഹം സ്വദേശമായ തേങ്ങാപ്പട്ടണത്തും കൊണ്ടുപോയി സംസ്‌കരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക്ക് റിപ്പോർട്ടും ഒരാഴ്ചയ്‌ക്കുള്ളിൽ ലഭിക്കും. അതിൽ കൂടുതലെന്തെങ്കിലും വിവരം കണ്ടെത്തിയാൽ മാത്രമേ വലിയൊരു അന്വേഷണത്തിന് പൊലീസ് കടക്കൂ.
സംഭവത്തിൽ പുറത്തുനിന്ന് ആർക്കും പങ്കില്ലെന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവ സമയത്തോ മറ്റോ റാഫിയുടെ ഫ്ളാറ്റിലേക്ക് ആരെങ്കിലും വന്നുപോയോയെന്നും അന്വേഷിക്കുന്നുണ്ട്. ഫ്ളാറ്റിൽ സി.സി ടിവി ഇല്ലാത്തതിനാൽ സമീപത്തെ സി.സി ടിവി കാമറകൾ പൊലീസ് പരിശോധിക്കും. സാമ്പത്തിക പ്രശ്‌നത്തിന് പുറമേ വേറെ എന്തെങ്കിലും കുടുംബപ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ പ്രശ്‌നങ്ങളെയും കുടുംബത്തിലെ പ്രശ്‌നങ്ങളെയും കുറിച്ച് നേരത്തെ തന്നെ കമാൽ ഒരു കത്ത് തയ്യാറാക്കിയിരുന്നു. ഇതാണ് ആത്മഹത്യാക്കുറിപ്പെന്ന നിലയിൽ പൊലീസ് ആദ്യം കണ്ടെത്തിയത്.
എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ കമാലിന് മലയാളം എഴുതാൻ അറിയില്ലെന്ന് കണ്ടെത്തി. മറ്റാരെയോ കൊണ്ട് നേരത്തെ എഴുതി തയ്യാറാക്കിയ പരാതി രൂപത്തിലുള്ള കത്താണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ അന്വേഷണം നടത്തും. കമാലിന്റെ സുഹൃത്തിന്റേത് ഉൾപ്പെടെ ചില പേരുകൾ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും അവ കേന്ദ്രീകരിച്ചാണ് തുടരന്വേഷണമെന്നും പൂന്തുറ പൊലീസ് പറഞ്ഞു. വീട്ടിലെ പ്രശ്‌നങ്ങൾ തന്റെ കുട്ടികളുടെ സ്‌കൂളിൽ ചെന്ന് പറയുന്ന സ്വഭാവം കമാലിനുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പൂന്തുറ സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.