കൊച്ചി: പൊതുവിപണിയിൽ ഒരു ലക്ഷം രൂപയിലേറെ വിലമതിക്കുന്ന 10 മില്ലിലിറ്റർ ഹാഷിഷ് ഓയിൽ കാക്കനാട് ജില്ലാ ജയിലിലെ തടവുകാരനിൽ നിന്ന് പിടിച്ചെടുത്തു. സഹതടവുകാർക്ക് ബീഡിയിലും സിഗരറ്റിലും പുരട്ടി വിൽക്കാൻ സൂക്ഷിച്ചതായിരുന്നു ഇത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിക്കുന്നത്.
ജയിലിന് പുറത്തുപോയപ്പോൾ ലഭിച്ച ഹാഷിഷ് ഓയിൽ കുപ്പിയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് തടവറയിലെത്തിച്ചതെന്ന് മോഷണക്കേസിലെ പ്രതിയായ ബിജു ഫ്രാൻസിസ് ജയിൽ അധികൃതർക്ക് മൊഴി നൽകി. ഹോമിയോ മരുന്ന് സൂക്ഷിക്കുന്ന ചെറിയ കുപ്പിയിലാണ് മരുന്ന് കടത്തിയത്. ജയിലറയിലെ പായയ്ക്കകത്ത് ഒളിപ്പിച്ചിരുന്ന കുപ്പി ജയിലധികൃതരുടെ പതിവു പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു.
ഈർക്കിലി മുക്കി ബീഡിയിലാേ സിഗററ്റിലോ വരപോലെ പുരട്ടുന്നതിന് 300 മുതൽ 400 രൂപ വരെ സഹതടവുകാരിൽ നിന്ന് ഇയാൾ ഈടാക്കിയിരുന്നു.
പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ പൊലീസിന് കൈമാറും. തുടരന്വേഷണം പൊലീസ് നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
കഞ്ചാവ് വാറ്റിയാണ് ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്. കുഴമ്പ് രൂപത്തിലുള്ള ഇതിന് അനധികൃതവിപണിയിൽ ലിറ്ററിന് ഒരു കോടി രൂപ വരെ വിലയുണ്ട്. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നുകളിൽ ഒന്നാണിത്. ഒരുതവണ ഉപയോഗിച്ചാൽ ഒരു ദിവസത്തിലേറെ ലഹരി നീണ്ടുനിൽക്കും. തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന ഈ മാരകലഹരി ആന്ധ്രാപ്രദേശിലാണ് രാജ്യത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.