തിരുവനന്തപുരം: പൈപ്പ് ലൈനിലെ ചോർച്ചയെ തുടർന്ന് പാറ്റൂർ മൂലവിളാകം മേഖലയിൽ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടി ജനങ്ങൾ. സർക്കാർ ഉദ്യോഗസ്ഥരുടേതടക്കം നൂറോളം വീടുകളുള്ള മേഖലയിൽ നാല് ദിവസം മുമ്പാണ് കുടിവെള്ള വിതരണം നിലച്ചത്.
കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വെള്ളം കിട്ടാതായതോടെ ജനങ്ങൾ ദുരിതത്തിലായി. വെള്ളം ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഏറെ ബുദ്ധിമുട്ടി. വാട്ടർ അതോറിട്ടി അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ പരാതി.
മൂലവിളാകത്തിന് സമീപത്തുള്ള മറ്റൊരു പൈപ്പിനെയാണ് ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. എന്നാൽ പൈപ്പിൽ നിന്ന് കുറഞ്ഞ ശക്തിയിലാണ് വെള്ളം ലഭിക്കുന്നത്. ഇതുമൂലം വെള്ളം ശേഖരിക്കാൻ ഏറെസമയം വേണ്ടിവരും.
ചോർച്ച കണ്ടുപിടിക്കാനായില്ല
കഴിഞ്ഞ മൂന്ന് ദിവസമായി പരിശ്രമിച്ചിട്ടും വാട്ടർ അതോറിട്ടി അധികൃതർക്ക് ഇതുവരെ ചോർച്ച കണ്ടെത്താനായിട്ടില്ല. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ശ്രമം തുടരുകയാണെന്നും എത്രയും വേഗം ചോർച്ച കണ്ടെത്തി അടയ്‌ക്കുമെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു. മൂലവിളാകത്ത് വാട്ടർ അതോറിട്ടിയുടെ ടാങ്കറിൽ ആവശ്യമായ ജലമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.