eldos-kunnappally

 നാളെമുതൽ ഒന്നുവരെ അന്വേഷണ
ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം

പരാതിക്കാരിയുടെ ആരോപണങ്ങൾ

ശരിയാണെന്ന് കരുതാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് ഉപാധികളോടെ അഡി. ജില്ലാ സെഷൻസ് കോടതി (ഏഴ്)​ ജഡ്ജി പ്രസൂൻ മോഹൻ മുൻകൂർ ജാമ്യം അനുവദിച്ചു. നാളെമുതൽ നവംബർ ഒന്നുവരെ രാവിലെ ഒമ്പതിനും വൈകിട്ട് ഏഴിനും മദ്ധ്യേ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു.

പരാതിക്കാരിയെ പീഡിപ്പിച്ചു, കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ പൊലീസിന്റെ വാദങ്ങൾ കോടതി തള്ളി. പരാതി ഉന്നയിക്കുന്നതിന് തൊട്ടുമുൻപുവരെ പരാതിക്കാരിയും പ്രതിയും തമ്മിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എൽദോസ് വിവാഹിതനാണെന്നും കുടുംബം ഉണ്ടെന്നും പരാതിക്കാരിക്ക് അറിയാമായിരുന്നു. എൽദോസ് താലി ധരിപ്പിച്ചതുകൊണ്ട് ഒരു കുടുംബജീവിതം കിട്ടുമെന്ന പരാതിക്കാരിയുടെ പ്രതീക്ഷ അനാവശ്യമായിരുന്നു.

ആദ്യത്തെ പരാതിയിലൊന്നും പീഡിപ്പിച്ചതായോ കൊലപ്പെടുത്താൻ ശ്രമിച്ചെന്നോ ഉണ്ടായിരുന്നില്ല. വിദ്യാസമ്പന്നയായ പരാതിക്കാരി നിരവധി സാഹചര്യം ഉണ്ടായിരുന്നിട്ടും പൊലീസിനോട് ഇക്കാര്യങ്ങൾ പരാതിപ്പെട്ടില്ല. സെപ്തംബർ 15ന് ആശുപത്രിയിലെത്തിയിട്ടും ഡോക്ടറോട് പീഡനം നടന്ന കാര്യം പറഞ്ഞില്ല. യുവതിക്ക് പീഡനപരാതി ഉന്നയിക്കാമായിരുന്ന സുപ്രധാന സാഹചര്യമായിരുന്നു അത്.

കഴിഞ്ഞ 14ന് മജിസ്‌ട്രേ​റ്റിന് നൽകിയ രഹസ്യ മൊഴിയിൽ മാത്രമാണ് പീഡനത്തെക്കുറിച്ചും കൊലപാതക ശ്രമത്തെക്കുറിച്ചും പറയുന്നത്. അതിന് മുൻപും മജിസ്‌ട്രേ​റ്റിന് മൊഴി നൽകിയെങ്കിലും അതിൽ ഇക്കാര്യങ്ങളുണ്ടായിരുന്നില്ല. അതിനാൽ പരാതിക്കാരിയുടെ ആരോപണങ്ങൾ ശരിയാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യ വ്യവസ്ഥകൾ

അഞ്ചുലക്ഷം രൂപയ്ക്ക് തുല്യമായ രണ്ട് ആൾ ജാമ്യം

അന്വേഷണവുമായി സഹകരിക്കണം

മൊബൈൽ ഫോണും പാസ്‌പോർട്ടും ഹാജരാക്കണം

വിദേശ യാത്രയും കേരളത്തിന് പുറത്തേക്കുള്ള യാത്രയും പാടില്ല

പരാതിക്കാരിയുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടരുത്

സമൂഹമാദ്ധ്യമങ്ങളിലൂടെയോ അല്ലാതെയോ സാക്ഷികളെ

സ്വാധീനിക്കരുത്, ഭീഷണിപ്പെടുത്തരുത്

സങ്കടമുണ്ട്, പിന്മാറില്ല: യുവതി

കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് യുവതി പറഞ്ഞു. എൽദോസിന് ജാമ്യം കിട്ടിയതിൽ സങ്കടമുണ്ടെങ്കിലും പിന്മാറുന്ന പ്രശ്നമില്ല. പി.ആർ വർക്കിലൂടെയല്ല എം.എൽ.എയെ പരിചയപ്പെട്ടത്.