congress-parassala

പാറശാല: മാനേജ്മെന്റിന്റെ തെറ്റായ പരിഷ്കാരങ്ങൾ കെ.എസ്.ആർ.ടി.സിയെ തകർക്കുകയാണെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. നിയമവിരുദ്ധ12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരേയും പൊതുജനങ്ങൾക്ക് ഉണ്ടായ യാത്രാ ദുരിതത്തിലും പ്രതിഷേധിച്ച് പാറശാലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ടി.ഡി.എഫ് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 8.4 കോടി രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ഷെഡ്യൂളുകളെയാണ് മാനേജ്മെന്റ് ഇപ്പോൾ സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ പൊളിച്ചടുക്കുന്നതെന്നും ഇത് കെ.എസ്.ആർ.ടി.സിയെ തകർത്ത് സ്വകാര്യന്മാർക്കും സമാന്തര സർവീസുകൾക്കും പൊതുഗതാഗതത്തെ തീറെഴുതാനുള്ള ഗൂഡാലോചനയാണെന്നും എം.എൽ.എ ആരോപിച്ചു. ടി.ഡി.എഫ് സംസ്ഥാന നേതാക്കളായ ടി.സോണി, എസ്.കെ.മണി, ജില്ലാനേതാക്കളായ എസ്.ജി.രാജേഷ്, സന്തോഷ്,ദീപു ശിവ, പ്രവീൺ, കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, ബ്ലോക്ക് പ്രസിഡന്റ് കോല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റ് സുരേഷ് എന്നിവർ പങ്കെടുത്തു.