
തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ് ഹെൽത്ത്. ആംബുലൻസ് ജീവനക്കാരുടെ നിസ്‌തുല സേവനം മുൻനിറുത്തിയും ആംബുലൻസുകൾക്ക് വഴിയൊരുക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെയും ഭാഗമായാണ് ' ഹീറോസ് ഓൺ വീൽസ് ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. കിംസ്‌ഹെൽത്തിൽ നടന്ന പരിപാടിയിൽ 108 ആംബുലൻസിലെ 100 ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അജിത്ത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്‌തു. കിംസ്‌ഹെൽത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ് അദ്ധ്യക്ഷനായി. സി.ഇ.ഒ ജെറി ഫിലിപ്പ്, ക്ലിനിക്കൽ സർവീസസ് ഡയറക്ടറും ഓർത്തോപീഡിക്‌സ് ആൻഡ് ട്രോമ വിഭാഗം മേധാവിയുമായ ഡോ. മുഹമ്മദ് നസീർ, ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ.ആർ. മുരളീധരൻ, 108ലെ ആദ്യ വനിതാ ഡ്രൈവർ ദീപമോൾ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ഷമീം. കെ.യു, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളീധരൻ എന്നിവർ സംസാരിച്ചു.